നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
സിനിമ സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ വിടവാങ്ങി. 74 വയസായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിലും ജനപ്രിയ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വള്ളുവനാടൻ പശ്ചാത്തലത്തിലുള്ള സിനിമകൾ മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്ന തൊണ്ണൂറുകളിലാണ് മോഹനകൃഷ്ണൻ സിനിമയിലെത്തുന്നത്. അതിന് മുമ്പ് ദീർഘകാലം പ്രവാസിയായിരുന്നു. അന്ന് അബുദാബി മലയാളി അസോസിയേഷനുമായി സഹകരിച്ച് നിരവധി നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ ജയരാജുമായുള്ള അടുപ്പമാണ് മോഹനകൃഷ്ണന് സിനിമലേക്കുള്ള ചവിട്ടുപടിയായത്.
പൈതൃകം (1993), കാരുണ്യം (1997), മാനസം (1997) അയാൾ കഥയെഴുതുകയാണ് (1998), ഇംഗ്ളീഷ് മീഡിയം (1999), തിളക്കം (2003) എന്നിവ അദ്ദേഹം അഭിനയിച്ച ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. ഏറെ പ്രശസ്തമായ കായംകുളം കൊച്ചുണ്ണി ഉൾപ്പടെയുള്ള ജനപ്രിയ പരമ്പരകളിലും വേഷമിട്ടു.
മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരിയായിരുന്നു അവസാനം അഭിനയിച്ച സിനിമ. പിന്നാലെ പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായി. നീണ്ട പത്തുവർഷമായി ഇതേ കിടപ്പിലായിരുന്നു. തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണന്‍ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ് മോഹനകൃഷ്ണന്‍. പാലക്കാട് തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ ഹരികൃഷ്ണൻ, അപർണ. മരുമക്കൾ സമർജിത്, ലക്ഷ്മി.