Begin typing your search...
പ്രധാന വാർത്തകൾ ചുരുക്കത്തിൽ
- മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നതെന്നും എന്നാൽ എതിർപ്പ് കാര്യമാക്കാതെ മിന്നൽ പരിശോധനകൾ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
- സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെ യു ഡബ്ള്യു ജെ. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരവുമാണെന്ന് കെ യു ഡബ്ള്യു ജെ അഭിപ്രായപ്പെട്ടു.
- തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കഴക്കൂട്ടം സൈനിക സ്‌ക്കൂളിനു സമീപമായിരുന്നു അപകടം.
- ഇന്ന് ചതയം. ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ പരിപാടികൾ. ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിത്ഥിയാകും.
- ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിന്‍റേത് ഉൾപ്പടെയുള്ള നവോത്ഥാന ചിന്തകൾക്ക് തുടർച്ച നൽകിയത് കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും നമ്മൾ മുന്നേറണമെന്നും ആ വഴിയിൽ വർഗീയതയും ജാതീയതയും വിദ്വേഷ രാഷ്ട്രീയവും വെല്ലുവിളികളാണെന്നും മുഖ്യമന്ത്രി ശ്രീനാരായണ ഗുര ജയന്തി ദിനത്തിനുള്ള ആശംസ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
- സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 4-5 ദിവസം തലസ്ഥിതി തുടരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ - ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്
- എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
- കോഴിക്കോട് ബാലുശ്ശേരി വട്ടോളിയില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. തുരുത്ത്യാട് ഫുഹാദ് സെനീൻ , പനായി റാഷിദ് പിടി , കോക്കല്ലൂർ സ്വദേശികളായ മുഹമ്മദ് റാഫി , വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലെത്തും. കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് രാത്രിയോടെ കേരള അതിര്‍ത്തിയായ ചേരുവാരകോണത്ത് എത്തും. കേരളത്തില്‍ നാളെ തുടങ്ങുന്ന യാത്രയ്ക്ക് വന്‍ഒരുക്കങ്ങളാണ് കെ.പി.സി.സി. നടത്തിയിട്ടുള്ളത്. നാളെ രാവിലെ ഏഴിന് പാറശാലയില്‍നിന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി., യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍, യാത്രയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., ശശി തരൂര്‍ എം.പി. തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
- തിരുവനന്തപുരം നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് സിഐടിയു. തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂ എന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
- ത്രിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് സൗദിയിലെത്തും. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-സൗദി പങ്കാളിത്ത കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊളിറ്റിക്കൽ, സെക്യുരിറ്റി, സോഷ്യൽ, കൾച്ചറൽ കോഓപ്പറേഷൻ കമ്മിറ്റിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പങ്കെടുക്കും. സുരക്ഷ, പ്രതിരോധം, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സഹകരണം എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടക്കും. യുഎൻ, ജി 20, ജിസിസി സഹകരണത്തെ കുറിച്ചും യോഗം ചർച്ച ചെയ്യും.
- ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകൾ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഡ്രൈവർ, ലേബർ, നഴ്സ് എന്നീ മൂന്ന് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്കാണ് വിലക്ക്. ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർമാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരാൻ അനുവാദമുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സൗദി അറേബ്യയിലേക്ക് വരാൻ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചത്. സ്പോൺസർ വിദേശിയാണെങ്കിലും ഈ ആനൂകൂല്യം ലഭിക്കുന്നതാണ്.
- ഫിഫ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഫലസ്തീനികളെ അനുവദിക്കണമെന്ന് ഖത്തർ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലുമായി ഖത്തറിന് നയതന്ത്രബന്ധമില്ലെങ്കിലും നവംബറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിൽ പങ്കെടുക്കാനിരിക്കുന്ന പതിനായിരത്തോളം ഫലസ്ഥീന്‍ ഫുട്‍ബോൾ ആരാധകർക്ക് സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല ചർച്ചകൾ നടന്നുവരികയാണ്. അധിനിവേശ പ്രദേശങ്ങളിലേക്കും പുറത്തേക്കും ഫലസ്തീനികൾക്ക് യാത്രചെയ്യാൻ ഇസ്രായേൽ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്.
Next Story