Begin typing your search...
ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ
- എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രി, മന്ത്രിമാർ, ജന പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്പീക്കർ പദവിയിൽ ഒന്നര വർഷം മികച്ച പ്രവർത്തനം നടത്തിയ ശേഷമാണ് രാജേഷ് മന്തിയാകുന്നത്. ആദ്യമായാണ് എ ബി രാജേഷ് മന്ത്രി പദവിയിൽ എത്തുന്നത്. അദ്ദേഹത്തിൻറെ വകുപ്പുകൾ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും.
- മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ തിരച്ചിൽ തുടരുന്നു. എന്നാൽ ഇടയ്കിടയ്ക്കുണ്ടാകുന്ന മഴ തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. തിരച്ചിലിനായി നാവികസേനയുടെ ഹെലികോപ്റ്റർ എത്തിയിട്ടുണ്ട്.
- കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ കഞ്ചാവ് കുരു കലർത്തിയ ജ്യൂസ് വിറ്റു എന്ന സംശയത്തെ തുടർന്ന് എക്‌സൈസ് സംഘം പരിശോധന നടത്തി. ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുത്തതായി സംശയിക്കുന്നത്. പിടിച്ചെടുത്ത ലായനി.റീജനൽ കെമിക്കൽ ലാബിൽ പരിശോധനക്ക് അയച്ചതായും പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുമെന്നും അസി. എക്‌സൈസ് കമ്മിഷണർ എൻ.സുഗുണൻ പറഞ്ഞു.
- കൊല്ലത്ത് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിൽ പിടിയിലായ11 പേർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്ത് പൊലീസ്. കൊളംബോ സ്വദേശിയായ ലക്ഷ്മണൻ ആണ് മനുഷ്യക്കടത്തിന്റെ സൂത്രധാരൻ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേർ ലക്ഷ്മണന്റെ സഹായികളാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
- തിരുവനന്തപുരം വർക്കലയിൽ നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 8-നായിരുന്നു ഇവരുടെ വിവാഹം.
- കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിൽ ഭർതൃ വീട്ടുകാരുടെ പീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. 24 കാരിയായ സൂര്യയാണ് കഴിഞ്ഞ ദിവസം ഭർത്താവിൻറെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.
- പാലക്കാട് കൂറ്റനാടിന് സമീപം മരണപ്പാച്ചിൽ നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്‌കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജപ്രഭ ബസ് തടഞ്ഞിട്ടത്. രാവിലെ സാന്ദ്ര സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് അപകടകരമായ രീതിയിൽ പോവുകയായിരുന്നു.. തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ തടഞ്ഞിടുകയായിരുന്നു.
- ഓണക്കാലത്ത് വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി വി ശിവദാസൻ എം പി. ഓണക്കാലത്ത് ചില റൂട്ടുകളിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്ക് തിരിച്ചടിയാണെന്നും കത്തിൽ ആരോപിക്കുന്നു. മറ്റ് ആഘോഷ കാലത്തും അമിത നിരക്ക് ഇടാക്കി വിമാന കമ്പനികൾ ചൂഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Next Story