അഗ്നിബാന്‍ സോര്‍ട്ടെഡ് റോക്കറ്റ് വിക്ഷേപണം വിജയം; ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിന്റെ പരീക്ഷണം
ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പായ അഗ്നികുല്‍ കോസ്‌മോസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയിച്ചു. അഗ്നികുല്‍ വികസിപ്പിച്ച അഗ്നിബാന്‍ സോര്‍ട്ടെഡ് എന്ന റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. മെയ് 30ന് രാവിലെ 7.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു.
ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റിന്റെ പരീക്ഷണമാണ് നടന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഒക്‌സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് ഇത്. ഐഎസ്ആര്‍ഒ ഇതുവരെ സെമിക്രയോജനിക് എഞ്ചിന്‍ റോക്കറ്റ് പരീക്ഷിച്ചിട്ടില്ലെങ്കിലും, ഇപ്പോൾ ഒരു 2000 കിലോന്യൂട്ടണ്‍സ് ത്രസ്റ്റ് സെമി-ക്രയോജനിക് എഞ്ചിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.