വിദേശത്തേക്ക് അയക്കുന്ന പണത്തിന് 20% നികുതി ഏർപ്പെടുത്താൻ കേന്ദ്ര ബജറ്റ് നിർദ്ദേശം; പ്രവാസികൾക്ക് തിരിച്ചടി
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പണം അയക്കുമ്പോൾ 20 ശതമാനം നികുതി ഈടാക്കാനുളള കേന്ദ്ര ബജറ്റ് നിർദേശം പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും. പുതിയ ബജറ്റ് നിർദ്ദേശം അനുസരിച്ച് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും അല്ലാതെ മറ്റെന്ത് ആവശ്യത്തിന് വിദേശത്തേക്ക് പണമയച്ചാലും, അയക്കുന്ന ആകെ തുകയുടെ 20 ശതമാനം നികുതിയായി നൽകണം.
നാട്ടിലെ പണം കൊണ്ട് ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ വീട് വാങ്ങി താമസിക്കാൻ ശ്രമിക്കുന്നവർക്ക് ഇരുപത് ശതമാനം നികുതി ഈടാക്കുമ്പോൾ വലിയ തുകയാണ് നഷ്ടമാകുന്നത്. പാൻകാർഡ് ഹാജരാക്കിയാൽ അയക്കുന്ന പണത്തിന്റെ 20 ശതമാനവും പാൻ കാർഡ് ഇല്ലെങ്കിൽ 40 ശതമാനവും പിടിച്ചുവയ്ക്കുന്ന Tax Collected at Source എന്ന പേരിലെ നികുതി നിർദേശമാണ് പ്രവാസികൾക്ക് കനത്ത ഭാരമായി മാറുന്നത്.
ഒരു സാമ്പത്തിക വർഷം 7 ലക്ഷം വരെ വിദേശത്തേക്ക് അയക്കുമ്പോൾ ഇത് വരെ നികുതി വേണ്ടായിരുന്നു. ഇതിന് മുകളിലായിരുന്നുവെങ്കിൽ 5 ശതമാനം നികുതി നൽകണം. ഇതാണ് ഒറ്റയടിക്ക് 20 ശതമാനം ആക്കിയിട്ടുളളത്.
അമേരിക്കയിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും മറ്റും കുടിയേറിയ ഇന്ത്യക്കാരുടെ പുതിയ തലമുറ നാട്ടിലെ പാരമ്പര്യ സ്വത്തുക്കൾ വിറ്റ് വിദേശത്തേക്ക് കൊണ്ടുപോകുന്നത് വർധിച്ചതാണ് ടിസിഎസിലെ ഈ വലിയ വർധനയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിയുന്ന പ്രവാസികുടുംബങ്ങളെ കഷ്ടത്തിലാക്കുന്ന പരിഷ്‌കാരമാണ് കേന്ദ്ര ബജറ്റിൽ അധികമാരും ചർച്ചചെയ്യാതെ കടന്നുപോകുന്നത്.