വാർത്തകൾ ചുരുക്കത്തിൽ
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്റെ പേരും ചര്‍ച്ചയിലുണ്ട്. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാതിരിക്കാന്‍ ചിലരെ ഇതിനോടകം ചണ്ഡീഗഡിലെ ഹോട്ടലിലേക്ക് മാറ്റി. ഈ ഹോട്ടലില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന യോഗവും നടക്കും.
40 സീറ്റില്‍ ജയിച്ചാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഭരണ വിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ വിജയം. മോദി പ്രഭാവം ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണത്തിന് പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് നിലപാടിനുള്ള ഹിമാചലിന്റെ അംഗീകാരം.
................
ചരിത്ര വിജയം നേടി ഗുജറാത്തില്‍ വീണ്ടും അധികാരത്തിലേക്കെത്തിയ ബിജെപി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഗാന്ധിനഗറില്‍ വച്ച് ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭയില്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഉടന്‍ വ്യക്തത വരും. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ ഗുജറാത്ത് കോണ്‍ഗ്രസില്‍ സംഘടന തലത്തില്‍ അഴിച്ച് പണി ഉണ്ടായേക്കും.സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രഘു ശര്‍മ സ്ഥാനം രാജി വെച്ചിരുന്നു.
...................
സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നീക്കം.
സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. 2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെച്ചത്. സജിക്ക് പകരം പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കി കേസ് തീരാന്‍ കാത്തിരിക്കുകയായിരുന്നു സിപിഎം.
.....................
കോഴിക്കോട് അഴിയൂരില്‍ 13 കാരിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ലഹരി മാഫിയയുടെ ഇരയായ പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിങ്ങിന് വിധേയമാക്കും. കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കിട്ടാന്‍ കൂടിയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. ഇതോടൊപ്പം ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി സിസിടി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
......................
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. ചിത്രങ്ങളുടെ പ്രദര്‍ശനം രാവിലെ മുതല്‍ തുടങ്ങും.വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. അഭയാര്‍ത്ഥികളായെത്തുന്ന കുട്ടികളുടെ കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം.
..........................
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍.തൊറാസിക് സര്‍ജറി കഴിഞ്ഞ ശിവരാജനെയാണ് ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വള്ളികുന്നം സ്വദേശിയാണ് ഇയാള്‍.
.....................
കണ്ണൂര്‍ മുണ്ടയാംപറമ്പില്‍ ഇറങ്ങിയ കടുവയെ തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമങ്ങള്‍ ഇന്നും തുടരും. ഇന്നലെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘമെത്തി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കടുവയെ വനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ പ്രദേശത്ത് റോഡ് ഉപരോധിച്ചിരുന്നു.
................
ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്.. യുഎഇ സമയം രാത്രി 7 മണിക്ക് ബ്രസീല്‍ ക്രൊയേഷ്യ മത്സരം ആരംഭിക്കും. നെയ്മര്‍ വിനീഷ്യസ് ജൂനിയര്‍ റിച്ചാലിസണ്‍ തുടങ്ങിയ പ്രമുഖര്‍ ബ്രസീലിനു വേണ്ടി ഇന്ന് കളിക്കാന്‍ ഇറങ്ങും.ക്രൊയേഷ്യയ്ക്ക് വേണ്ടി ലൂക്കാ മോഡ്രിച്ച് ഇവന്‍ പെരിസിച്ച് എന്നീ പ്രമുഖ താരങ്ങളും ഉണ്ടാകും
രണ്ടാം ക്വാര്‍ട്ടറില്‍ യുഎഇ സമയം രാത്രി 11 മണിക്ക് അര്‍ജന്റീനയും നെതര്‍ലാന്‍സുമായി ഏറ്റുമുട്ടും ലയണല്‍ മെസ്സി ഏഞ്ചല്‍ ഡി മരിയ എന്‍സോ ഫെര്‍ണാണ്ടസ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അര്‍ജന്റീനയുടെ നിലയില്‍ ഉണ്ടാകും ഡെന്‍സല്‍ ഡാംഫ്രസ്, മെംഫിസ് ഡീപേ, കോടി ഗാഗ്‌പോതുടങ്ങിയ മിന്നും താരങ്ങള്‍ നെതര്‍ലാന്‍ഡ് നിരയില്‍ കളിക്കാന്‍ ഇറങ്ങും.നാളെ പോര്‍ച്ചുഗല്‍ മൊറോകൂയേയും ഫ്രാന്‍സ് ഇംഗ്ലണ്ടിനെയും നേരിടും....
ഇന്നത്തെ മത്സരത്തില്‍ ബ്രസീലും അര്‍ജന്റീനയും ജയിച്ചാല്‍ ബ്രസീല്‍ അര്‍ജന്റീന സെമിഫൈനല്‍ നടക്കും
............................
പ്രാര്‍ത്ഥനയില്‍ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കവേ വികാരധീനനായി ഫ്രാന്‍സിസ് മാര്‍പാപ്പ.റോമില്‍ നടന്ന പ്രാര്‍ത്ഥനയില്‍ യുദ്ധത്തിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് പറയവേയാണ് മാര്‍പാപ്പ വിതുമ്പിയത്
............................
പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ കേസ്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എല്‍ എ രംഗത്ത് വന്നിരുന്നു. എം എല്‍ എയും ട്വന്റി 20 യും തമ്മിലുള്ള തുറന്ന പോരില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.
........................
ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ളദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. ശമ്പളത്തിനായി കുറ്റിയാട്ടൂര്‍ സ്വദേശി നിഷ പോരാടിയത് മൂന്നുവര്‍ഷമാണ്. ഖാദി ബോര്‍ഡിന്റെ കണ്ണൂര്‍ വിപണന കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ നിഷ ജോലിക്ക് കയറിയത് 2013 ലായിരുന്നു. ദിവസക്കൂലി നാനൂറ് രൂപയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന സമയമായിരുന്നു അത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ 2017 ല്‍ നിഷയെ പിരിച്ചുവിട്ടു. ഇതിനെതിരെ നിഷ ലേബര്‍ കോടതിയില്‍ പോയി ജോലിയില്‍ തിരികെ പ്രവ!!േശിക്കാന്‍ അനുകൂല വിധി നേടി. തിരിച്ചെടുത്തില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. അനുകൂല ഉത്തരവും കയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു നിഷ.
...........................
ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.നോട്ടിസിലെ കാര്യങ്ങള്‍ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാല്‍ കേരളത്തിലാണ്ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.263 സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലഹരിമാഫിയയെ അടിച്ചമര്‍ത്തും. കര്‍ശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു.
..........................
വിവാഹ ആഘോഷത്തിനിടെ വീട്ടില്‍ തീ പിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്.സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായി അപകടം സംഭവിച്ചത്. പന്ത്രണ്ടോളം പേരുടെ പൊള്ളല്‍ ഗുരുതരമാണ്. ജോധ്പൂരിന് 60 കിലോമീറ്റര്‍ അകലെ ഭുംഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ 42 പേരും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.