വാർത്തകൾ ചുരുക്കത്തിൽ
പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്‍റെ അപേക്ഷ പരിഗണിച്ച് നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും നേരത്തെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
..............
പൊലീസ് വീണ്ടും നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് ഡിജിപി നിയമോപദേശം തേടുക. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് പൊലീസ് വീണ്ടും നിയമോപദേശം തേടുന്നത്. ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്ന നിയമോപദേശം ലഭിച്ചത്. കൊലപാതകത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്നാട്ടിൽ നടന്നതിനാൽ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്.
.............
ഷാരോണ്‍ കേസ് അട്ടിമറിക്കപ്പെടുമെന്നതിനാൽ അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിൻറെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതേ തുടര്‍ന്ന് കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്‍റെ കുടുംബത്തെ അറിയിച്ചു. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിലായതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറേണ്ട ആവശ്യമില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
.............
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വർണ്ണ കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവർണർ പ്രതികരിക്കുന്നതെന്നും സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ എന്താണ് തർക്കമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സർക്കാരിനെ സഹായിക്കാനാണെന്ന് കുറ്റപ്പെടുത്തി.
............
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാമത് എത്തിയത് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണമെന്നും ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 928 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്.
.............
കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, എസ്പിക്കും വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇന്നലെ രാത്രിയാണ് പിഞ്ചു ബാലനോട് യുവാവ് ക്രൂരത കാട്ടിയത്. മുഹമ്മദ് ഷിനാദ് എന്നയാളാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ ചവിട്ടിയത്. പൊലീസ് ഇന്നലെ രാത്രി ഷിനാദിനെ വിട്ടയച്ചിരുന്നു. അതേസമയം വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും രാവിലെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തതായും കണ്ണൂര്‍ എസ് പി അറിയിച്ചു.
.........
സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കാനെത്തിയ സിസാ തോമസിനെ തടഞ്ഞ് എസ്എഫ്‌ഐ, കെജിഎഒ പ്രവര്‍ത്തകര്‍. ചുമതലയേറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തുടര്‍ന്ന് പൊലീസ് സുരക്ഷയിലാണ് വിസി ക്യാംപസിലേക്ക് കടന്നത്. ഇത് താത്കാലിക ചുമതലയാണെന്നും പുതിയ വിസി എത്തുന്നതുവരെ ചുമതല നിര്‍വ്വഹിക്കുമെന്നും സിസാ തോമസ് പ്രതികരിച്ചു.
............
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ ഓപ്പറേഷൻ കമലം ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളിയും ബിജെപിയും. തെലങ്കാനയിലെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാർ പറഞ്ഞു. ടിആർഎസിന്റെ എംഎൽഎമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ല. പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്നും തുഷാര്‍ പ്രതികരിച്ചു.
..............
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. പ്രമുഖ ഗുജറാത്തി മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഥവിയാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. നിലവിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാണ് ഇസുദാൻ ഗദ്വി.
.............
യു എ യിലെ പ്രമുഖ പ്രവാസി സംഘടനയായ കടയ്ക്കൽ ഒരുമ സംഘടിപ്പിക്കുന്ന ഒരുമോത്സവം 2022 നവംബര്‍ 6 ഞായറാഴ്ച്ച ദുബായ് ഖിസൈസ് വുഡ് ലേം പാർക്ക് സ്കൂളിൽ സംഘടിപ്പിക്കുന്നു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുക്കും. വിവിധ കലാപരിപാടികളോടെ
രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും. അറേബ്യൻ വോയിസ് അവതരിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യ വിരുന്ന്, ഭരതനാട്യം, നൃത്ത ശില്പം, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ്, ഗാനമേള, ഒപ്പന, സൗഹൃദ വടംവലി, ഓണം സ്പെഷ്യൽ മത്സരങ്ങൾ, ഓണാസദ്യ, ചെണ്ടമേളം, മാവേലി ഫ്യൂഷൻ സംഘ ഗാനം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.