ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കും
ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുമെന്നും 2023 ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി. വികസിത സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം ഈ വര്‍ഷം ആഗോള വളര്‍ച്ച മൂന്ന് ശതമാനത്തില്‍ താഴെയാകും. ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ കാരണം വീണ്ടെടുക്കല്‍ പ്രതീക്ഷകള്‍ അവ്യക്തമാണെന്നും ദുര്‍ബല വിഭാഗങ്ങളും രാജ്യങ്ങളുമായിരിക്കും കടുത്ത വെല്ലുവിളികള്‍ നേരിടുകയെന്നും അവര്‍ പറഞ്ഞു.
അതേസമയം ഇന്ത്യയുള്‍പ്പടെ ഏഷ്യയിലെ വളര്‍ന്നുവരുന്ന വിപണികള്‍ സാമ്പത്തിക ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രകടിപ്പിക്കും. ആഗോള വളര്‍ച്ചയുടെ പകുതി സംഭാവന ചെയ്യുക ചൈനയും ഇന്ത്യയുമാകും. എന്നാല്‍ ഈ നല്ല വാര്‍ത്തയെ മറികടക്കുന്നതാണ് 90 ശതമാനം രാഷ്ട്രങ്ങളിലേയും സ്ഥിതിയെന്നും ദുര്‍ബലമായ വളര്‍ച്ചയാണ് ഇവിടങ്ങളിലുള്ളതെന്നും അവർ വ്യക്തമാക്കുന്നു. അടുത്ത അര ദശാബ്ദത്തേക്ക് ലോക വളര്‍ച്ച ഏകദേശം മൂന്ന് ശതമാനമായി തുടരുമെന്നും ജോര്‍ജീവിയ കൂട്ടിച്ചേര്‍ക്കുന്നു.