വാർത്തകൾ ഒറ്റനോട്ടത്തിൽ
ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.
...........................................
ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.
...........................................
ലോകായുക്ത ഭേദഗതി ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. തിങ്കളാഴ്ചയാണ് സഭയിൽ മന്ത്രി ദീപക് കെസർക്കറാണ് ബിൽ അവതരിപ്പിച്ചത്. തുടർ ദിവസങ്ങളിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബിൽ പാസാക്കിയത്.
...........................................
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 13 മാസത്തോളം ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുംബൈ ജയിലിൽ നിന്ന് പുറത്തിറങ്ങി. 12 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ 2021 നവംബർ 2 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
...........................................
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്ന് സിപിഎം. കശ്മീരിൽ സിപിഎം നേതാവ് യൂസഫ് തരിഗാമി യാത്രയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് പാർട്ടിയുടെ തിരുത്ത്. ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കശ്മീരിലെത്തിയപ്പോൾ, യാത്രയിൽ പങ്കാളിയാകാമെന്ന് തരിഗാമി ഉറപ്പ് നൽകിയതായാണ് എഐസിസി നേതൃത്വം അവകാശപ്പെടുന്നത്. മെഹ്ബൂബ മുഫ്തി, ഫറൂക്ക് അബ്ദുള്ളയടക്കമുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും.
...........................................
വർക്കലയിൽ 17-കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പള്ളിക്കൽ സ്വദേശി ഗോപു കുറ്റം സമ്മതിച്ചതായി റൂറൽ എസ്.പി. ഡി.ശില്പ. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും പ്രണയബന്ധത്തിൽനിന്ന് പെൺകുട്ടി പിന്മാറിയതിനാണ് പ്രതി കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
...........................................
ക്രിസ്മസിന് പിന്നാലെ കർണാടകയിലെ മൈസൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസമാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകർന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
...........................................
കൊച്ചി നഗരത്തിൽ കഞ്ചാവ് മിഠായി വിൽപന നടത്തിയ രണ്ട് ഇതരസംസ്ഥാനക്കാർ കൊച്ചി സെൻട്രൽ പോലീസിൻറെ പിടിയിലായി. അസം സ്വദേശി സദ്ദാം, ഉത്തർപ്രദേശ് സ്വദേശി വികാസ് എന്നിവരാണ് പവർ എന്ന പേരിലുള്ള കഞ്ചാവ് മിഠായിയുമായി പിടിയിലായത്. പ്രതികളിൽ നിന്ന് മൂന്ന് കിലോയിലേറെ കഞ്ചാവ് മിഠായിയാണ് പൊലീസ് പിടിച്ചെടുത്തത്.
...........................................
പോക്‌സോ കേസിൽ ക്രൈസ്തവ പുരോഹിതന് ഏഴുവർഷം കഠിനതടവ്. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെയാണ് തൃശ്ശൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. തടവിനു പുറമേ അൻപതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
...........................................
അരിയിൽ ഷുക്കൂർ വധക്കേസിൻ്റെ പ്രതിപ്പട്ടികയിൽ നിന്നും പി ജയരാജനെ ഒഴിവാക്കാൻ പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം തള്ളി മുസ്ലീംലീഗ്. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള അഭിഭാഷകന്റെ ആരോപണം വ്യാജമാണ്. ആരോപണത്തിന് പിന്നിൽ ലീഗിനെയും നേതാക്കളെയും താറടിക്കാനുള്ള ശ്രമമാണെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
...........................................