വാർത്തകൾ ഒറ്റനോട്ടത്തിൽ
18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് ആരോഗ്യ സർവകലാശാല. മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർവകലാശാല ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. 18 വയസ് ആയത് കൊണ്ട് പക്വത ഉണ്ടാവില്ലെന്നും കൗമാരക്കാരുടെ മസ്തിഷ്കം ഈ സമയം ഘടനാപരമായി ദുർബലമായിരിക്കുമെന്നുമാണ് ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.
.........................................
2021ൽ രാജ്യത്ത് ദിനം പ്രതി ശരാശരി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായി കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. 1,64,033 പേരാണ് രാജ്യത്ത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
.........................................
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്നായിരുന്നു കോൺഗ്രസ് നേതാവ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്.
.........................................
ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഉത്തരവിറക്കിയത് എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. മാനുവൽ സർവ്വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും വിദഗ്ധ സമിതി എന്ത് ചെയ്തെന്ന് പോലും സർക്കാർ അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏൽക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
.........................................
ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം.
.........................................
പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗം പ്രവർത്തിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. പിഎഫ്ഐ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് സീക്രട്ട് വിങ്ങ് പ്രവർത്തിച്ചിരുന്നത്. ഇതര സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നത് ഇവരാണെന്നും എൻഐഎ പ്രത്യേക കോടതിയെ അറിയിച്ചു.
.........................................
സംസ്ഥാനത്തെ അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഒരാഴ്ചയ്ക്കകം അയച്ചുനല്‍കണമെന്ന് ഹൈക്കോടതി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ അത് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയുടെ സ്വകാര്യ ഉത്തരവാദിത്തമായിരിക്കും. തദ്ദേശ തലത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതികള്‍ കൃത്യമായി സംസ്ഥാന കണ്‍വീനര്‍ അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
.........................................