വാർത്തകൾ ഒറ്റനോട്ടത്തിൽ
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം.
..........................................
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024 ആവുമെന്നാണ് കണക്കുകൂട്ടൽ. 70 ശതമാനം നിർമാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
..........................................
ഡിജിപിക്ക് ആഭ്യന്തര വകുപ്പിൻറെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിൻറെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. സർക്കാരിൻറെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്.
..........................................
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭ സമ്മേളനം ചേരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടർച്ചയായാണ് അടുത്ത മാസം സഭ ചേരുക. ഇന്നലെ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ അടുത്ത മാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്ക് ശേഷം ഈ സമ്മേളനത്തിന്റെ തുടർച്ചയായാണ് പരിഗണിക്കുക.
..........................................
ശബരിമല തീർഥാടനം സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണമെന്നും ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
..........................................
ഐഎഫ്എഫ്കെയിൽ പ്രതിഷേധിച്ചവർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും റിസർവേഷൻ രീതി ഫലപ്രദമാണെന്നും രഞ്ജിത്ത് പറഞ്ഞു. പ്രതിഷേധിച്ചവർക്ക് എതിരെ വാക്കാലോ എഴുതിയോ പരാതി നൽകിയിട്ടില്ല. പൊലീസിനെ വിളിച്ചുവരുത്തിയതും അക്കാദമി അല്ലെന്നും രഞ്ജിത്ത് പറഞ്ഞു.
..........................................
സൗദിയിൽ ഈ വർഷം ആദ്യ പകുതിയിൽ വിനോദ സഞ്ചാരികളുടെ ധനവിനിയോഗം 74 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ധനവിനിയോഗമാണിത്. സൗദി പൗരന്മാർ വിദേശ രാജ്യങ്ങളിൽ ടൂറിസത്തിനായി ചെലവഴിക്കുന്ന തുകയും അഞ്ചിരട്ടിയായി വർധിച്ചു.
..........................................
നിരവധി സമ്മാനങ്ങളും വൻ വിലക്കിഴിവുമായി ഈ വർഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ഡൗൺടൗണിൽ 1 മില്യൺ ദിർഹത്തിന്റെ അപ്പാർട്ട്‌മെന്റ്, പുതിയ നിസ്സാൻ പട്രോൾ കാർ അടക്കം വൻ സമ്മാനങ്ങളാണ് ഇത്തവണ വിജയികളെ കാത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലാണിത്.
..........................................