വാർത്തകൾ ചുരുക്കത്തിൽ
അടൂർ പറക്കോട് മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടറെ ഭീഷണി പെടുത്തുകയും അസഭ്യം പറയുകയും പ്രശ്‌നത്തിൽ ഇടപെട്ട ആളുടെ കണ്ണിൽ കുരുമുളക് പൊടി സ്േ്രപ ചെയ്യുകയും ചെയ്ത രോഗി പിടിയിൽ. ഡോക്ടറോട് അപമര്യാദയായി പെരുമാറിയ പറക്കോട് സ്വദേശി വിഷ്ണു വിജയനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
..............................
കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രസർക്കാരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
....................................
സംസ്ഥാനത്തെ സ്‌കൂളുകളിൽ യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം എന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി.സ്‌കൂൾ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
........................................
മാർക്കോസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മറൈൻ കമാൻഡോകളായി വനിതകളെയും ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന. നാവികസേനയുടെ മറൈൻ കമാൻഡോസ് (Marcos) ആകാൻ ഇനിമുതൽ വനിതകൾക്കും അവസരം ലഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
.................................
ബഹിരാകാശത്തോളം ഉയർന്ന യുഎഇയുടെ മോഹങ്ങൾക്ക് അതിരുകളില്ലെന്നു വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അറബ് ലോകത്തിന്റെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിജയകരമായ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
..........................................
യുകെയിലെ ബർമിങ്ങാമിനു സമീപത്തെ മഞ്ഞുമൂടിയ തടാകത്തിൽ വീണ നാലു കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിംഗ്ഷർസ്റ്റിലെ ബാബ്സ് മിൽ പാർക്കിൽ ഐസിൽ കളിച്ചതിനു ശേഷമാണ് ഇവർ വെള്ളത്തിലേക്കു വീണതെന്നാണു കരുതുന്നത്.
..............................
റെസിഡൻഷ്യൽ കോളനി യോഗത്തിനിടെ ഇറ്റലിയിൽ മധ്യവയസ്‌കൻ മൂന്നു സ്ത്രീകളെ വെടിവച്ചുകൊന്നു. റെസിഡൻഷ്യൽ കോളനി ഭരണസമിതിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന ഇയാളുടെ അതിക്രമത്തിൽ നാലുപേർക്ക് പരിക്കേ്റ്റിട്ടുമുണ്ട്.
..................................
കോഴിക്കോട് മെഡിക്കൽ കോളജിൽ അഞ്ചുവർഷം മുൻപ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ കേസിൽ അന്വേഷണം വൈകുന്നതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി.ആദ്യം അന്വേഷിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്താൻ വേണ്ടിയുള്ള ശാസ്ത്രീയ അന്വേഷണം നടത്തുകയാണെന്നാണ് മന്ത്രി വീണ ജോർജിന്റെ ന്യായീകരണം.
.......................................
ശബരിമല സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ ഒരു ദിവസം ദർശനം നടത്താവുന്ന തീർഥാടകരുടെ പരമാവധി എണ്ണം 85,000 ആക്കി നിജപ്പെടുത്തണമെന്നു പൊലീസ്. ഇതുസംബന്ധിച്ച് സന്നിധാനം പൊലീസ് തയാറാക്കിയ റിപ്പോർട്ട് എഡിജിപിക്കു നൽകി.
...............................
ഹിജാബ് പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇറാനിൽ ഒരാളെക്കൂടി തൂക്കിലേറ്റി. മജിന്ദ്രേസ റഹ്നാവാർഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാനിയൻ വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.