വാർത്തകൾ ഒറ്റനോട്ടത്തിൽ
ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി രേഖപ്പെടുത്തിയത്.
നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമനെന്നും, ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസിൽ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രേഖപ്പെടുത്തി.
......................................
നിലക്കലിലും പമ്പയിലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് കൂടിയതോടെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി.
......................................
കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ച് സർവകലാശാല ഗവേണിംഗ് കൗൺസിൽ. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. അതേസമയം സർവകലാശാല ധനകാര്യ വിഭാഗത്തിൻറെ അഭിപ്രായം തേടാതെയാണ് ഈ തിടുക്കപ്പെട്ട നീക്കങ്ങൾ.
......................................
പശ്ചിമ ബംഗാളിലെ കിഴക്കൻ മേദിനിപൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മുതിർന്ന നേതാവ് അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.
......................................
സൗദിയിലെ റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനൽ മാറുന്നു. ഈ മാസം ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക. വിവിധ രാജ്യങ്ങളിലേക്കുള്ള ടെർമിനൽ മാറിയതോടെ യാത്രക്കു മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം.
......................................
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്.
......................................
വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച. കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ലത്തീൻ സഭ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടില്‍ അനുനയനീക്കങ്ങൾ നടക്കുന്നത്.
......................................