വാർത്തകൾ ചുരുക്കത്തിൽ
ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി രേഖപ്പെടുത്തിയത്.
നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമനെന്നും. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസിൽ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രേഖപ്പെടുത്തി.
കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന കൊച്ചു പ്രേമനെ ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 68 വയസായിരുന്നു. നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം 1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 250 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായി മാറിയ നടനാണ് കൊച്ചുപ്രേമൻ.
......................................
നിലക്കലിലും പമ്പയാലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് കൂടിയതോടെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
......................................
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി മേൽപാതയാണ് ഔദ്യോഗിക ഉദ്ഘാടനമില്ലാതെ തുറന്നുകൊടുത്തത്. 2.71 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാത അതോറിറ്റി മേൽപാലം തുറന്നത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് ഉണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
......................................
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകാൻ കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വർഷങ്ങളായി കോൺഗ്രസ് എം.പിയാണ്. മുമ്പും പലസ്ഥലത്തും പോയിട്ടുണ്ടെങ്കിലും ഇതുപോലെ വിവാദം ഉയർന്നുവന്നിട്ടില്ല. പുതിയ സാഹചര്യം എന്താണെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.
......................................
ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പ്രതികരിച്ചു. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തിയത്. ക്രൈം ബ്രാഞ്ചിൻറെ സമ്മർദ്ദം കൊണ്ടാണ് മൊഴി നൽകിയതെന്നാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി നൽകിയത്.
......................................
ഹൈദരാബാദ് സർവകലാശാലയിൽ തായ്‌ലൻഡ് സ്വദേശിയായ വിദ്യാർഥിനിയെ വീട്ടിൽവെച്ച് സീനിയർ പ്രൊഫസർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. പരാതിയെ തുടർന്ന് ഗച്ചിബൗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ എന്ന സീനിയർ പ്രൊഫസർക്കെതിരെയാണ് ആരോപണമുയർന്നത്.
......................................
കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ച് സർവകലാശാല ഗവേണിംഗ് കൗൺസിൽ. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. അതേസമയം സർവകലാശാല ധനകാര്യ വിഭാഗത്തിൻറെ അഭിപ്രായം തേടാതെയാണ് ഈ തിടുക്കപ്പെട്ട നീക്കങ്ങൾ.
......................................
2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവായിരുന്ന ഉമർ ഖാലിദിനെ വെറുതെ വിട്ടു. ഡൽഹി കർക്കർദൂമ കോടതിയുടേതാണ് നടപടി. ഉമർഖാലിദിനൊപ്പം വിദ്യാർഥി നേതാവായിരുന്ന ഖാലിദ് സൈഫിനെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്.ചാന്ദ്ബാഗിലെ കല്ലേറു കേസിലാണ് ഇവരെ മോചിപ്പിച്ചത്. ഇരുവർക്കുമെതിരായ കുറ്റം നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.
......................................
പശ്ചിമ ബംഗാളിലെ കിഴക്കൻ മേദിനിപൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മുതിർന്ന നേതാവ് അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11.15 ഓടെ നര്യബില ഗ്രാമത്തിലെ തൃണമൂൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
......................................
സൗദിയിലെ റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനൽ മാറുന്നു. ഈ മാസം ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക. വിവിധ രാജ്യങ്ങളിലേക്കുള്ള ടെർമിനൽ മാറിയതോടെ യാത്രക്കു മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം.
......................................
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്.
......................................
ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് മാറ്റി ടൂർണമെൻറ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റിയാൽ ടൂർണമെൻറ് ബഹിഷ്കരിക്കുമെന്ന് ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ നടത്തിയാൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കുന്നില്ലെങ്കിൽ അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു