വാർത്തകൾ ചുരുക്കത്തിൽ
ഹൈദരാബാദ് സർവകലാശാലയിൽ തായ്‌ലൻഡ് സ്വദേശിയായ വിദ്യാർഥിനിയെ വീട്ടിൽവെച്ച് സീനിയർ പ്രൊഫസർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. പരാതിയെ തുടർന്ന് ഗച്ചിബൗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ എന്ന സീനിയർ പ്രൊഫസർക്കെതിരെയാണ് ആരോപണമുയർന്നത്.23കാരിയായ തായ്ലൻഡ് വിദ്യാർഥിയെ വീട്ടിലേക്ക് ക്ഷണിച്ച് ബലാത്സംഗത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി പൊലീസിൽ പരാതി നൽകി.
.....................................
സംസ്ഥാനത്ത് ചില പ്രദേശളിൽ ചെങ്കണ്ണ് റിപ്പോർട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
.....................................
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകാൻ കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വർഷങ്ങളായി കോൺഗ്രസ് എം.പിയാണ്. മുമ്പും പലസ്ഥലത്തും പോയിട്ടുണ്ടെങ്കിലും ഇതുപോലെ വിവാദം ഉയർന്നുവന്നിട്ടില്ല. പുതിയ സാഹചര്യം എന്താണെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.
.....................................
മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്. കോഴിക്കോട് കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൌണ്ടിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിനിടെയായിരുന്നു സംഭവം. മേയർ സ്ഥലത്തില്ലാത്തതിനാൽ നഗരസഭാ സെക്രട്ടറിക്ക് നേരെയാണ് പ്രതിഷേധിച്ചത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയർ പറഞ്ഞു.
.....................................
ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചു. എന്നാൽ വിഴിഞ്ഞം സമരത്തിൽ ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തെയ്യാറാകുന്നില്ലെന്ന് ചോദിച്ച രമേശ് ചെന്നിത്തല, സ്ഥലത്ത് പോലുമില്ലാത്തിരുന്ന രൂപത അധ്യക്ഷനെതിരെ കേസ് എടുത്ത നടപടി സർക്കർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
.....................................
വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം, ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ലെന്ന് വി മുരളീധരൻ പറഞ്ഞു.
.....................................
2020 ഫെബ്രുവരിയിൽ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഉമർ ഖാലിദിനെയും ഖാലിദ് സൈഫിയെയും ദില്ലി കോടതി ശനിയാഴ്ച വിട്ടയച്ചു. ദില്ലിയിലെ കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കേസിൽ വെറുതെ വിട്ടത്. ഉമർ ഖാലിദും, ഖാലിദ് സൈഫിയും നൽകിയ വിടുതൽ ഹർജിയിലാണ് കോടതി ഉത്തരവ്.
.....................................
ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇന്ന് മുതൽ ടിക്കറ്റ് ഇല്ലാത്തവർക്കും ഹയ കാർഡ് ലഭിക്കും. നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് ഹയ കാർഡ് സ്വന്തമാക്കേണ്ടത്. ലോകകപ്പ് അക്കോമഡേഷൻ പോർട്ടൽ വഴി ബുക്കിങ്ങ് നടത്തിയ ശേഷം, എൻട്രി ഫീസ് അടച്ചാൽ ഹയ്യ കാർഡിന് വേണ്ടി അപേക്ഷിക്കാം. തുടർന്ന് എൻട്രി പെർമിറ്റ് ലഭിക്കും.