വാർത്തകൾ ചുരുക്കത്തിൽ
കേരളത്തിലെ 3 പ്രമുഖ വന്യജീവി സങ്കേതങ്ങൾക്കു സമീപം 3 ക്വാറികൾക്കു കൂടി ദേശീയ വന്യജീവി ബോർഡിന്റെ പ്രവർത്തനാനുമതി. പെരിയാർ കടുവാ സങ്കേതം, മലബാർ, പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്കു സമീപമുള്ള ക്വാറികൾക്കാണ് ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരസമിതി യോഗം ആഴ്ചകൾക്ക് മുമ്പ് അനുമതി നൽകിയത്.
...............................
കോട്ടയത്ത് നാട്ടുകാർ ദുരൂഹത ആരോപിച്ച വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് മകൻ ബിജു അറസ്റ്റിൽ. പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് സതിയമ്മ ആണു കൊല്ലപ്പെട്ടത്.
...............................
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ. വർഗീയ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് ഖേദപ്രകടനം നടത്തിയതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
...............................
ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതി ഷിജു തൂങ്ങിമരിച്ച നിലയിൽ.പ്രണയപ്പകയെ തുടർന്ന് 2016 ഫെബ്രുവരി ഒമ്പതിനാണ് സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന സൂര്യ കൊല്ലപ്പെടുന്നത്.
...............................
ജുഡീഷ്യൽ ഓഫിസറുടെ ലൈംഗിക ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത് തടഞ്ഞ് ഡൽഹി ഹൈക്കോടതി ഉത്തരവ്. സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണ് ദൃശ്യങ്ങളെന്ന്, രാത്രി വൈകി പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് യശ്വന്ത് വർമ പറഞ്ഞു.
...............................
ജനങ്ങളുടെ പ്രതിഷേധം ഫലം കാണുന്നു; ഷാങ്ഹായ്, ഗ്വാൻഷൂ നഗരങ്ങളിൽ അടക്കം കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തി ചൈന
...............................
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയ്ക്ക് പാർലമെന്റിന്റെ കുറ്റവിചാരണ നടപടികൾ നേരിടേണ്ടി വന്നേക്കും. തന്റെ ഫാംഹൗസിൽ നിന്ന് നാലുമില്യൺ യൂറോ കൊള്ളയടിക്കപ്പെട്ട കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ് റാമഫോസയ്‌ക്കെതിരെ ഇംപീച്‌മെന്റ് ഭീഷണി ഉയർന്നിരിക്കുന്നത്.
...............................
ചരിത്രത്തിൽ ഇത് മൂന്നാം തവണ വനിതാജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയിൽ കേസുകൾ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവർ അടങ്ങിയ സമ്പൂർണ വനിതാബെഞ്ചാണ് കേസുകൾ കേട്ടത്.
...............................
സർക്കാർ തീരുമാനം വൈകുന്നതിനിടെ പെൻഷൻ പ്രായം 58 വയസാക്കാൻ സമ്മർദതന്ത്രവുമായി ഹൈക്കോടതി ജീവനക്കാർ. ഇന്നലെ സർവീസിൽനിന്ന് വിരമിക്കേണ്ട ജീവനക്കാർ പെൻഷൻപ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
...............................
യുഎഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള പൊതുഅവധി ദിവസങ്ങളിൽ അബൂദബി നിവാസികൾക്ക് സൗജന്യ പാർക്കിങ്ങും ടോളും പ്രഖ്യാപിച്ച് അധികൃതർ.ഡിസംബർ ഒന്നുമുതൽ ഡിസംബർ അഞ്ചുവരെയാണ് ഈ ഇളവ്.