വാർത്തകൾ ചുരുക്കത്തിൽ
ഹരിയാനയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മങ്ങിയ പ്രകടനവുമായി ഭരണകക്ഷിയായ ബിജെപി. 7 ജില്ലകളിലെ ജില്ലാ പരിഷത്തിലെ 102 സീറ്റിൽ മത്സരിച്ച ബിജെപിക്ക് 22 എണ്ണത്തിൽ മാത്രമെ ജയിക്കാനായുള്ളൂ.
....................................
സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം. കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
....................................
കൊല്ലത്ത് രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ കല്ലടയാറിലാണ്.കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബൻ എന്നിവർ മുങ്ങിമരിച്ചത്.
....................................
ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്കിലെ ആസ്ഥാന മന്ദിരത്തിൽ ഇതാദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുന്ന വേളയിലാണ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുക.
....................................
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസം എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
....................................
മംഗളുരു സ്‌ഫോടനക്കേസിൽ പിടിയിലായ പ്രതി കർണാടക തീർഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് കൊച്ചിയിലും സ്‌ഫോടനം ലക്ഷ്യമിട്ടെന്ന സംശയം ബലപ്പെടുന്നു. ആലുവയിൽ അഞ്ചു ദിവസത്തോളം താമസിച്ച ഇയാൾ കൊച്ചി നഗരത്തിൽ എത്തിയതിന്റെ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി.
....................................
ഈസ്റ്റ് ഡൽഹിയിലെ പാണ്ഡവ് നഗറിൽ ഗൃഹനാഥനെ കൊന്ന് 22 കഷണങ്ങളാക്കി ഫ്രിഡ്ജിൽ വച്ച കേസിൽ ഭാര്യയും മകനും അറസ്റ്റിൽ.അഞ്ജൻ ദാസ് എന്നയാളുടെ കൊലപാതകത്തിലാണ് ഭാര്യ പൂനം, മകൻ ദീപക് എന്നിവർ് പൊലീസിന്റെ പിടിയിലായത്.
....................................
ചൈനയിൽ പ്രസിഡന്റ് ഷീ ജിൻപിങ്ങിനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രകടനം നടത്തിയവർ ഷീജിൻ പിങ്ങിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
....................................
യുക്രെയ്ൻ യുദ്ധത്തിലെ ആണവഭീഷണി ഒഴിവാക്കാൻ സിഐഎ ഡയറക്ടർ റഷ്യൻ രഹസ്യാനേഷണ ഏജൻസി മേധാവിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യൻ ന്യൂസ്ഏജൻസിയായ ആർഐഎ നോവോസ്റ്റിയോടാണ് മുതിർന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
....................................
തിരുവനന്തപുരം ന്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ മരണം അറിയിച്ച വനിതാ ഡോക്ടർക്കു മർദനമേറ്റ സംഭവത്തിൽ,യുവതി മരിച്ചത് ആശുപത്രിയുടെ വീഴ്ചയാണെന്ന ബന്ധുക്കളുടെ ആരോപണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശസ്ത്രക്രിയ നടത്തിയത് രോഗിയുടെ ബന്ധുക്കൾ അറിയാതെയാണെന്ന വാദം ശരിയല്ലെന്നും ബന്ധുക്കളുടെ സമ്മതപത്രം വാങ്ങാതെ ഒരു ആശുപത്രിയിലും ശസ്ത്രക്രിയ നടത്തില്ലെന്നും ഐഎംഎ നേതാവ് ഡോ. ബിബിൻ പി. മാത്യു പറഞ്ഞു