വാർത്തകൾ ഒറ്റനോട്ടത്തിൽ
വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്.
...........................................
താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം.
...........................................
വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ വാഷും വാറ്റുപകരണങ്ങളുമായി ഹോംഗാർഡിനെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി. വേങ്ങേരി, കരുവിശ്ശേരി സ്വദേശി കൃഷ്ണ സ്വാമിയാണ് അറസ്റ്റിലായത്. എട്ട് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും എക്സൈസ് സംഘം സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
...........................................
വമ്പന്‍ കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്ത് അടുക്കുന്നതിനായി കപ്പല്‍ച്ചാലിന്റെ ആഴംകൂട്ടുന്നു. ഇതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 380 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കപ്പല്‍ച്ചാലിന് നിലവില്‍ 14.5 മീറ്ററാണ് ആഴം. പദ്ധതി പ്രകാരം ഇത് 16 മീറ്ററായി ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തും.
...........................................
കോഴിക്കോട് ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. രാത്രിയുടെ മറവില്‍ പൊലീസാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് ആരോപിച്ച് സമരസമിതി രംഗത്തുവന്നു.
...........................................
ഇടുക്കി കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേര് പോലീസ് പിടിയിലായി. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം.
...........................................
തദ്ദേശഭരണ വകുപ്പിലെ 5 വകുപ്പുകൾ സംയോജിപ്പിച്ചു പൊതു സർവീസ് നടപ്പാക്കുന്നതിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ഇല്ലെന്ന നിലപാടിൽ നിന്നു സർക്കാർ പിന്മാറി. സംഘടനകളുമായി മന്ത്രി എം.ബി.രാജേഷ് ഡിസംബർ 2ന് എറണാകുളം ടൗൺ ഹാളിൽ ചർച്ച നടത്തും..
...........................................
തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവല്‍പിണ്ടിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ്.
...........................................
സൗദി അറേബ്യയില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‍തു. മദീനയിലെ അല്‍ ഹംറയിലായിരുന്നു സംഭവം. റോഡിന്റെ വശത്തുകൂടി നടന്നുപോവുകയായിരുന്ന സ്‍ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.
...........................................
യു.എ.ഇയിൽ തൊഴിലാളികൾക്ക് അർഹമായ താമസസൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിനെതിരേ നടപടിയെടുക്കുമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയനിർദേശത്തിൽ വ്യക്തമാക്കി.
...........................................