വാർത്തകൾ ചുരുക്കത്തിൽ
പ്രളയത്തിൽ വീടു നഷ്ടപ്പെട്ടയാൾക്ക് അനുവദിച്ച ദുരിതാശ്വാസ സഹായത്തുക നൽകാതിരുന്നതിനെ തുടർന്നു മുൻസിഫ് കോടതിയുടെ ജപ്തി നടപടി. എറണാകുളം ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോളുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു.
................................
2018ൽ ഓസ്‌ട്രേലിയൻ വനിതയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്കു കടന്ന മെയിൽ നഴ്‌സ് രാജ് വീന്ദർ സിങ്ങിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ക്വീൻസ്ലൻഡ് പൊലീസ് അഞ്ചേകാൽ കോടി രൂപയ്ക്ക് തുല്യമായ ഓസ്‌ട്രേലിയൻഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.
................................
ബെംഗളൂരു നഗരത്തിലെ 67-കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഇയാളുടെ പെൺസുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അപസ്മാരം വന്നാണ് വ്യവസായി മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
................................
കൊച്ചി എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിൻറെ പേരിലെന്ന് സൂചന. നേപ്പാൾ പൊലീസിൻറെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിൻറെ ഫോണിൽനിന്നാണ് അന്വേഷണ സംഘത്തിനു നിർണായക വിവരങ്ങൾ ലഭിച്ചത്.
................................
ബിജെപിക്ക് എതിരെ അതിരൂക്ഷമായ ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡൽഹി എംപി മനോജ് തിവാരിക്ക് ഇതിൽ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു.
................................
ബഹിരാകാശത്ത് ആശുപത്രി സ്ഥാപിക്കാൻ ചൈനയുടെ ബൃഹദ് പദ്ധതി.ദീർഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ വേണ്ട ചികിത്സക്കുള്ള സൗകര്യമൊരുക്കുകയുമാണ് ഈ ബഹിരാകാശ ആശുപത്രിയുടെ ലക്ഷ്യം.
................................
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. 'വ്യക്തിത്വ അവകാശം' (പഴ്‌സനാലിറ്റി റൈറ്റ്‌സ്) സംരക്ഷിക്കാൻ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
................................
പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റത്തിനായി പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി മാറ്റിയത്.
................................
ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ ക്യൂ നിന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 12 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പിലാവ് സ്വദേശി വിനോദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി ആർ റീനാ ദാസ് ശിക്ഷിച്ചത്.
................................
തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയിൽ. ഇരിട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ നേരത്തേ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.