ബിസിനസ് വാർത്തകൾ
തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ കേരളം ഒന്നാം സ്ഥാനത്ത്. റിസര്‍വ്വ് ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കേരളത്തിലെ ഒരു നിർമാണ തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.3 രൂപയാണ് ലഭിക്കുന്നത്. ഗുജറാത്തും മഹാരാഷ്ട്രയും വളരെ പിന്നിലാണ്. ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയാണ് ദിവസവേതനം. ത്രിപുരയിൽ 250 രൂപയും മധ്യപ്രദേശിൽ 267 രൂപയുമാണ് ഒരു ദിവസം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. ജമ്മു കശ്മീരിലും തമിഴ്നാട്ടിലും ഒരു നിർമ്മാണ തൊഴിലാളിക്ക് ഉയർന്ന വരുമാനം ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 519 രൂപയാണ് ജമ്മു കശ്മീരിലെ വരുമാനം. തമിഴ്‌നാട്ടില്‍ 478 രൂപ വരെ ലഭിക്കുന്നുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
..................
രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ടെസ്‌ല ഇങ്കിന്റെ ഓഹരികൾ ഇടിഞ്ഞതോടെ തിരിച്ചടി നേരിട്ട് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മാസ്കിന്റെ ആശസ്തിയിൽ ഈ വർഷം 100 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബ്ലൂംബെർഗ് വെൽത്ത് ഇന്‍റക്‌സിലെ കണക്കു പ്രകാരം ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മസ്കിന്റെ സമ്പത്ത് ഇടിഞ്ഞ് 340 ബില്യൺ ഡോളറിലെത്തി.
...............
ഇന്ത്യന്‍ വിപണികൾ മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടം മറികടന്ന് ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 270 പോയിൻറ് 61,418 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 89 പോയിന്റ് ഉയർന്ന് 18,249ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
................
ഡിജിറ്റൽ ബാങ്കിങ് മേഖലയിലേക്ക് പുതിയ ചുവടുവെയ്പുമായി എയർടെൽ പേയ്‌മെന്റ് ബാങ്ക്. ഉപഭോക്താക്കൾക്ക് ഫെയ്‌സ് ഓതന്റിക്കേഷൻ അടിസ്ഥാനമാക്കിയുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക്. ഇതുവഴി വളരെ വേഗം ഉപഭോക്താക്കൾക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. ഈ സൗകര്യം നൽകുന്ന രാജ്യത്തെ ആദ്യത്തെ പേയ്‌മെന്റ് ബാങ്കാണ് എയർടെൽ പേയ്‌മെന്റ് ബാങ്ക്.
...........................
ക്രൂസ് സീസൺ വരവറിയിച്ച് ദുബൈ ഹാർബറിൽ ആദ്യ യാത്രക്കപ്പൽ എത്തി.ആദ്യത്തെ പരിസ്ഥിതിസൗഹൃദ കപ്പലായ ഐഡ കോസ്മയാണ് ഹാർബറിലെത്തിയത്. അടുത്ത വർഷം ജൂൺ വരെ നീളുന്ന സീസണിൽ മൂന്നു ലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
...........
ഗുജറാത്ത് ആസ്ഥാനമായുള്ള, ആഗോള സാമ്പത്തിക, ഐടി സേവന കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയിലെ ശാഖയിൽ എൻആർഐ ഉപഭോക്താക്കൾക്കായി ഐസിഐസിഐ ബാങ്ക് രണ്ട് പുതിയ സാമ്പത്തിക സേവനങ്ങൾ ആരംഭിച്ചു. ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ് (എൽഎഡി), ഡോളർ ബോണ്ട് എന്നിവയാണ് പുറത്തിറക്കിയത്. ഗിഫ്റ്റ് സിറ്റിയിൽ ഈ സേവങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.
...............
അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ ഇന്ത്യക്കാരിക്ക് 10 ലക്ഷം ദിർഹം സമ്മാനം. രണ്ടു കോടിയിലേറെ ഇന്ത്യൻ രൂപയാണിത്. സന്ദർശനത്തിന് എത്തിയ വർഷ ഗുൻഡ എന്ന യുവതിക്കാണ് കോടികൾ ലഭിച്ചത്. ഇവർക്ക് ഡിസംബർ 3ന് നടക്കുന്ന നറുക്കെടുപ്പിൽ ആറ് കോടിയിലേറെ രൂപ സമ്മാനം ലഭിക്കാനുള്ള അവസരം കൂടിയുണ്ട്.