വാർത്തകൾ ചുരുക്കത്തിൽ
ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 40ലധികം പേര്‍ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധിപേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ജാവ പ്രവിശ്യയില്‍ റിക്ടര്‍ സ്‍കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
.............
കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കെ റിയില്‍ വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. അന്തിമാനുമതിക്ക് മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കെ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
...........
കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ട് വിലക്ക് വിവാദം. ശശി തരൂര്‍ പങ്കെടുക്കുന്ന മമബാറിലെ പരിപാടികളില്‍ നിന്നും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വിട്ടുനില്‍ക്കുന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഇന്നലെ ഡിസിസി ബഹിഷ്കരിച്ചിട്ടും കോഴിക്കോട്ടെ സെമിനാറില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ബഹിഷ്കരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന എം കെ രാഘവന്‍ എംപിയുടെ പ്രസ്താവനയെ ചടങ്ങില്‍ ശശി തരൂര്‍ പിന്‍തുണയ്ക്കുകയും ചെയ്തിരുന്നു.
അതേ സമയം മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന പ്രസ്താവനയുമായി തരുരിന് പിന്‍തുണ പ്രഖ്യാപിച്ച് കെ മുരളീധരൻ രംഗത്തെത്തി. ആരാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം വിഷയത്തില്‍ തന്റെ കൈയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് വി ഡി സതീശൻ പ്രതികരിച്ചു.
ശശി തരൂര്‍ നാളെ പാണക്കാട് എത്തുന്നത് സാധാരണ സംഭവമാണെന്നും നേരത്തെയും അദ്ദേഹം എത്തിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
............
വിലക്ക് വിവാദത്തിനിടെ ശശി തരൂരിനെ പ്രശംസിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. മത്സരിക്കാൻ നിന്നപ്പോൾ പാര്‍ട്ടിക്കാര്‍ തന്നെ ശശി തരൂരിനെ കാലുവാരാൻ ശ്രമിച്ചുവെന്ന് ടി പത്മനാഭൻ പറഞ്ഞു. തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടു. തരൂരിന്‍റെ സാന്നിധ്യത്തിലായിരുന്നു പത്മനാഭന്റെ പരാമർശം. ഒരിക്കലും കോണ്‍ഗ്രസ് വിട്ടുപോകരുതെന്നും ടി പത്മനാഭന്‍ , തരൂരിനോട് പറഞ്ഞു.
...............
ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. ചാൻസിലർ സ്ഥാനം ഔദാര്യമല്ലെന്നും പദവിയിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാൻസിലർ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഗവർണർ പറഞ്ഞു.
............
രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. അതേ സമയം നിയമ വിരുദ്ധമായി ആരെയും നിയമിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
...........
തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവുണ്ടായെന്ന ആരോപണം ഗൗരവകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും. അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആരോഗ്ര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് കിട്ടുമെന്നും അവര്‍ പറഞ്ഞു.. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
............
മംഗലാപുരത്ത് നടന്ന സ്ഫോടന കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായി. ഇയാൾ മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടത്. എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
...............
ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ഗ്രൂപ്പ് എ യിലെ ഒരു മത്സരവുമാണ് ഇന്ന് നടക്കുക. ആദ്യ മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട്, ഇറാനെ നേരിടും. ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വൈകിട്ട് 4 മണിക്കാണ് മത്സരം.ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സും, ആഫ്രിക്കൻ ശക്തികളായ സെനഗലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അൽ തുമാമ സ്റ്റേഡിയത്തിൽ ഖത്തര്‍ സമയം വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടിയ വെയിൽസും, യു എസ് എ യും തമ്മിലാണ് ഇന്നത്തെ അവസാന മത്സരം. ഖത്തര്‍ രാത്രി 10 മണിക്കാണ് മത്സരം ആരഭിക്കുക.