ട്രാഫിക് നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ പിഴ വർധിപ്പിച്ചേക്കും
കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വൈകാതെ വർധിപ്പിച്ചേക്കും. പിഴ ഉൾപ്പടെയുള്ളവ വർധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് നിയമം കൊണ്ടുവരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാഫിക് ലംഘനങ്ങൾ അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നതായ പഠനങ്ങളെ തുടർന്നാണ് ഈ നീക്കം. പിഴ വർധിപ്പിക്കുന്നതോടെ നിയമലംഘനങ്ങളും അതുവഴി അപകടങ്ങളും കുറക്കാമെന്നാണ് പ്രതീക്ഷ.സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തലും അപകടങ്ങളുടെ ഫലമായുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറക്കുകയുമാണ് ലക്ഷ്യം. പല രാജ്യങ്ങളിലും ഉയർന്ന പിഴ ഈടാക്കുന്നതിനാൽ ആളുകൾ ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. കനത്ത പിഴ ഒഴിവാക്കാൻ സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ നിയമങ്ങൾ ഭൂരിപക്ഷവും പാലിക്കുന്നതായി പലരും സമ്മതിച്ചു.