അനാശാസ്യ പ്രവർത്തനം; കുവൈറ്റിന്റെ വിവിധ ഇടങ്ങിളിൽ പിടിയിലായത് 43 പേർ
കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 43 പേരെ വിവിധ ഇടങ്ങളിൽനിന്ന് അധികൃതർ പിടികൂടി. മഹ്ബൂല, ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 15 കേസുകളിലായാണ് പ്രതികൾ പിടിയിലായത്.
ഇവർ പണം വാങ്ങി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു. പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പൊതുപണം തട്ടിയെടുത്തെന്ന കുറ്റത്തിന് രണ്ടുപേരും അറസ്റ്റിലായി. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
രാജ്യത്ത് പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങളെയും അതിൽ ഏർപ്പെടുന്നവരെയും പൊതുധാർമിക സംരക്ഷണ വകുപ്പ് നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.