കുവൈത്തിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി ; ഇതിന് ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി
താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഞായറാഴ്ച അവസാനിക്കും. തുടർന്ന് നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിന്റെ മുന്നോടിയായി ആഭ്യന്തര മന്ത്രാലയം സുരക്ഷ ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ചേർന്നു. ഞായറാഴ്ചക്ക് ശേഷം രാജ്യത്തുടനീളം ശക്തമായ പരിശോധനകൾ നടത്താനാണ് തീരുമാനം. വിവിധ ഗവർണറേറ്റുകളിലും റീജിയനുകളിലും താമസ നിയമ ലംഘകരെ കണ്ടെത്തൽ, പരിശോധന കാമ്പയിനുകൾ സംഘടിപ്പിക്കൽ എന്നിവ യോഗം അവലോകനം ചെയ്തു. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദിന്റെയും നിർദേശ പ്രകാരമായിരുന്നു യോഗം. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനൈഫിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം സ്വകാര്യ സുരക്ഷ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അൽ സബാഹ്, നിയമലംഘകർക്കെതിരായ ഫീൽഡ് ക്യാമ്പയിനുകളുടെ തലവൻ മേജർ ജനറൽ അബ്ദുല്ല സഫ അൽ മുല്ല, ബന്ധപ്പെട്ട മറ്റു സുരക്ഷ മേഖലകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.