കുവൈത്തിൽ 32-ാമത് ദേശീയ മുത്തുവാരൽ ഉത്സവം സമാപിച്ചു
കുവൈത്തിൽ 32-ാമത് ദേശീയ മുത്തുവാരൽ ഉത്സവത്തിന് സമാപനം. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന വാർഷിക ഉത്സവത്തിൽ 60 ഓളം മുങ്ങൽ വിദഗ്ദരാണ് 'മുത്ത് തേടി' യാത്രയായത്. പാരമ്പര്യത്തിന്റെ ഉജ്ജ്വല സ്മരണകൾ ഉണർത്തി, മുത്തുകൾ തേടി ശനിയാഴ്ച ആരംഭിച്ച കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവലാണ് അവസാനിച്ചത്. കുവൈത്ത് സീ ക്ലബ് ആണ് സംഘാടകർ. കടലിൽ തങ്ങളുടെ പൂർവികർ നടത്തിയിരുന്ന സാഹസിക യാത്രയുടെയും പ്രധാന ജീവിത മാർഗ്ഗമായിരുന്ന മുത്തു പെറുക്കലിന്റെയും ഓർമകളുടെ പുനരാവിഷ്‌കരിക്കരണമാണ് ദേശീയ മുത്തുവാരൽ ഉത്സവം.
ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമാണ് മുത്തുവാരൽ. രണ്ട് പായ്ക്കപ്പലിലായി 60 ഓളം കുവൈത്തി മുങ്ങൽ വിദഗ്ദരാണ് കഴിഞ്ഞ ദിവസം സാൽമിയ തീരത്തു നിന്ന് ഖൈറാൻ ദ്വീപിലേക്കു പുറപ്പെട്ടത്. ആറു നാൾ ഖൈറാൻ ദ്വീപിൽ കഴിഞ്ഞ ഇവർ ഇന്നലെയാണ് തിരികെയെത്തിയത്. കടലിൽ നിന്ന് മുങ്ങിയെടുത്ത പൈതൃക ശേഷിപ്പുമായി എത്തിയ നാവികരെ, കരയിൽ കാത്തിരുന്ന കുടുംബങ്ങളും സുഹൃത്തുക്കളും പരമ്പരാഗത കുവൈത്തി ഗാനങ്ങൾ പാടിയും ചെണ്ടകൊട്ടിയും കൈയടിച്ചുമാണ് സ്വീകരിച്ചത്.
വ്യവസായ മന്ത്രിയും യുവജനകാര്യ മന്ത്രിയുമായ മുഹമ്മദ് അൽ-ഐബാൻ,കുവൈത്തിലെ യുകെ അംബാസഡർ ബെലിൻഡ ലൂയിസ്,കുവൈത്ത് സീ സ്പോർട്സ് ക്ലബ് ചെയർമാൻ ഫഹദ് അൽ ഫഹദ് എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികൾ. അതുകൊണ്ടുതന്നെ വർഷം തോറും അരങ്ങേറുന്ന മുത്തുവാരൽ ഉത്സവത്തിന് അവർ നൽകുന്ന പ്രാധാന്യവും ഏറെയാണ്.കോവിഡ് കാരണം നടക്കാതിരുന്ന പേൾ ഡൈവിങ് ഫെസ്റ്റിവൽ മൂന്നുവർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ നടന്നത്.