കുവൈത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടി ; നിരവധി പേർ അറസ്റ്റിൽ
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും കൈവശം വെച്ച നിരവധി പേരെ അറസ്റ്റു ചെയ്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് മയക്കു മരുന്നിനെതിരെ കര്‍ശനമായ നടപടിയാണ് അധികൃതര്‍ സ്വീകരിച്ച് വരുന്നത്. മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതിനിടെ, ശുവൈഖ് തുറമുഖത്ത് 29,000 ബോട്ടിൽ ലഹരി പാനീയങ്ങൾ കസ്റ്റംസ് പിടികൂടി. ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. എനർജി ഡ്രിങ്ക്സ് അടങ്ങിയ കണ്ടെയ്നറിൽ രഹസ്യമായി ഒളിപ്പിച്ച ലഹരി പാനീയം പരിശോധനയിൽ പിടികൂടുകയായിരുന്നു. പിടികൂടിയ സാധനങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.