കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകാതെ ആരംഭിക്കും
കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകാതെ ആരംഭിക്കും. ഇതിന്റെ നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയോഗം വിലയിരുത്തി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ സെയ്ഫ് പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ മൗഷർജി ഇക്കാര്യം വ്യക്തമാക്കി.
തെരുവുകളുടെ അറ്റകുറ്റപ്പണികൾ ഉടനടി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന അൽ സൂർ റിഫൈനറിയുടെ സമ്പൂർണ പ്രവർത്തനത്തിന്റെ ഔദ്യോഗിക ആഘോഷത്തെ മന്ത്രിസഭ അഭിനന്ദിച്ചു. എണ്ണയും അതിന്റെ ഡെറിവേറ്റീവുകളും ഉൽപാദിപ്പിക്കുന്ന ഏറ്റവും പ്രധാന രാജ്യങ്ങളിലൊന്നായി കുവൈത്തിന്റെ സ്ഥാനം ഇത് അടയാളപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി.
കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായം തടയുന്നതിനുമുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) സമർപ്പിച്ച ശിപാർശകൾ സംബന്ധിച്ച ദേശീയ സമിതിയുടെ റിപ്പോർട്ടും മന്ത്രിസഭ വിലയിരുത്തി. വിഷയം കൂടുതൽ പഠിക്കുന്നതിനായി റിപ്പോർട്ട് മന്ത്രിതല നിയമകാര്യ സമിതിക്ക് കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു.
മുബാറക് അൽ കബീർ പോർട്ട് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും മന്ത്രിസഭ വിലയിരുത്തി. എല്ലാ പദ്ധതികളും ഡീലുകളും സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നത് സാമ്പത്തിക കാര്യ സമിതിക്ക് കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു. കുവൈത്ത് പൗരത്വത്തിന്റെ അന്വേഷണത്തിനായുള്ള സുപ്രിം കമ്മിറ്റിയുടെ യോഗത്തിന്റെ മിനിറ്റ്സിന് മന്ത്രിസഭ അംഗീകാരം നൽകി.