കുവൈത്തിൽ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു
ഫഹാഹീൽ ഹൈവേ, സെവൻത് റിങ് റോഡ് ഉൾപ്പെടെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. റോഡിന്റെ മേൽപാളി നീക്കം ചെയ്ത് പുതിയത് നിർമിക്കുകയാണ് ചെയ്യുന്നത്. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം പ്രദേശം സന്ദർശിച്ചു. വിവിധ പ്രദേശങ്ങളിൽ റോഡ് അറ്റകുറ്റപ്പണികൾക്ക് മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതി രൂപരേഖ മുതൽ പൂർത്തീകരണം വരെ എല്ലാ ഘട്ടങ്ങളിലും മന്ത്രാലയത്തിന്റെ മേൽനോട്ടമുണ്ടാകുമെന്നും ഉന്നത ഗുണനിലവാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
എല്ലാ ജോലികളും വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ കരാർ ഏറ്റെടുത്ത കമ്പനിക്ക് നിർദേശം നൽകി. രാജ്യത്തെ 18 പ്രധാന റോഡുകളിലെ അറ്റകുറ്റപ്പണി പദ്ധതികൾക്ക് മുമ്പ് മന്ത്രാലയം അനുമതി നൽകിയിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ ഗതാഗത സംവിധാനം കൂടുതൽ സുഗമമാകും.