കുവൈത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; പാർലമെന്റ് പിരിച്ചുവിട്ടു
കുവൈത്തിൽ പാർലമെന്റ് പിരിച്ചുവിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസമാണ് കുവൈത്ത് അമീർ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് അമീർ പാർലമെന്റ് പിരിച്ചുവിട്ടത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിലവിൽ വരും.
ഗവൺമെൻറും തെരഞ്ഞടുക്കപ്പെട്ട എം.പിമാരും തമ്മിലുള്ള തർക്കങ്ങളും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. ഭരണഘടന പ്രകാരം അമീറിനെയും അദ്ദേഹത്തിന്റെ നടപടികളെയും തീരുമാനങ്ങളെയും എം.പിമാർ വിമർശിക്കാൻ പാടില്ല. പാർലമെന്റ് അംഗം അമീറിനെതിരെ നടത്തിയ പദപ്രയോഗം സഭ ചട്ടങ്ങളുടെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പരാമർശം രേഖകളിൽ നിന്ന് നീക്കാൻ സ്പീക്കർ അഹമദ് അൽ സദൂൻ തീരുമാനിച്ചിരുന്നു. എന്നാൽ വിഷയം വോട്ടിനിടുവാൻ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ 44 എം.പിമാർ സ്പീക്കറിന്റെ നടപടി നിരസിച്ചു. ഭൂരിപക്ഷം എം.പിമാരും പരാമർശം രേഖകളിൽ നിന്ന് നീക്കാൻ വിസമ്മതിച്ചതാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്ന നടപടിയിലേക്ക് എത്തിച്ചത്. ഗവൺമെൻറും മന്ത്രിമാരും കഴിഞ്ഞ ദിവസം നടന്ന ദേശീയ അസംബ്ലി സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച വൈകീട്ട് നടന്ന അസാധാരണ കാബിനറ്റ് യോഗത്തിലാണ് പാർലമെന്റ് പിരിച്ചുവിടുന്ന അമീരി ഉത്തരവിന് അംഗീകാരം നൽകിയത്.
2023 ജൂൺ 6 ന് തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിയാണ് ഇപ്പോൾ പിരിച്ചുവിട്ടത്. കഴിഞ്ഞ 18 മാസത്തിനിടെ ദേശീയ അസംബ്ലി പിരിച്ചുവിടുന്നത് ഇത് മൂന്നാം തവണയാണ്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും സജീവമായ അസംബ്ലിയുള്ളത് കുവൈത്തിനാണ്. മജ്‌ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന ദേശീയ അസംബ്ലിയിൽ അഞ്ച് മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപത് അംഗങ്ങളാണ് ഉള്ളത്. നാലുവർഷത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പ് നടക്കുക. പാർലമെന്റ് പിരിച്ചുവിട്ടതോടെ രാജ്യത്തിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. പാർലമെന്റ് പിരിച്ചുവിട്ടാൽ രണ്ടു മാസത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്തെ നിയമം. തർക്കങ്ങൾ തുടരുന്നത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.