പരിസ്ഥിതി സംരക്ഷണത്തിൽ എണ്ണ, വാതക മേഖലക്ക് പ്രാധാന്യം
പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനും പരിഹാരം കണ്ടെത്തുന്ന പ്രക്രിയയിൽ എണ്ണ, വാതക മേഖലകൾക്ക് പ്രാധാന്യമുണ്ടെന്ന് അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒ.എ.പി.ഇ.സി) സെക്രട്ടറി ജനറൽ ജമാൽ അൽ ലൗഘാനി. വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രജ്ഞർക്കായി യു.എൻ എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുടെ സഹകരണത്തോടെ ഒ.എ.പി.ഇ.സി സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരിശീലന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു ജമാൽ അൽ ലൗഘാനി.
പാരിസ്ഥിതിക പ്രശ്നങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിലും കാഴ്ചപ്പാടുകൾ ഏകീകരിക്കുന്നതിന് അംഗരാജ്യങ്ങളുമായും മറ്റ് അറബ് രാജ്യങ്ങളുമായും വിവിധ സംഘടനകളുമായും ശ്രമങ്ങൾ തുടരുകയാണെന്നും കൂട്ടിച്ചേർത്തു. ഉദ്യോഗസഥർക്ക് പരിശീലനവും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളിൽ താൽപ്പര്യം ജനിപ്പിക്കലും ലക്ഷ്യമിട്ടാണ് കുവൈത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നത്.