കുവൈറ്റിൽ ജോലി സമയങ്ങളിൽ മാറ്റത്തിന് ആലോചന, റമദാനിൽ മൂന്ന് ഷിഫ്റ്റുകൾ
കുവൈറ്റിൽ ഓഫീസ് ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റങ്ങൾ വരുത്താൻ ആലോചന. ഇതിന്റെ ഭാഗമായി റമദാനിൽ ഓഫീസുകളുടെ പ്രവൃത്തി സമയം മൂന്ന് ഷിഫ്റ്റുകളാക്കി തിരിച്ചിരിച്ചു. എല്ലാ ഓഫീസുകളും ഒരേ സമയത്ത് പ്രവർത്തനം ആരംഭിക്കുകയും എല്ലാ ഓഫീസ് ജീവനക്കാരും ഒരേ സമയത്ത് ജോലിക്ക് വരികയും ചെയ്യുന്നതിന് പകരം വ്യത്യസ്ത സമയങ്ങളിലേക്ക് അത് മാറ്റാനുള്ള ശ്രമമാണ് കുവൈറ്റ് അധികൃതർ ആലോചിക്കുന്നത്. ഈ രീതി പരീക്ഷണാർഥം നടപ്പിലാക്കി അതിന്റെ ഫലപ്രാപ്തി പരിശോധിച്ച ശേഷം റമദാന് ശേഷവും തുടരാനാണ് സിവിൽ സർവീസ് കമ്മീഷൻ തലവന്റെ തീരുമാനമെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഈ പരീക്ഷണം വിജയിക്കുന്ന പക്ഷം മന്ത്രാലയങ്ങളിലും സേവന വകുപ്പുകളിലും സ്ഥിരമായ പ്രവർത്തന സമയത്തിസൽ അതിന് അനുസൃതമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി. പുതിയ രീതി നടപ്പിൽ വരുന്നതോടെ ഓഫീസുകൾക്കുള്ളിലെ തിരക്ക് ഇല്ലാതാകും. എല്ലാവരും ഒരേ സമയം ഓഫീസിൽ എത്തുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ രീതി സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ, സേവന ഏജൻസികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദമായ തൊഴിൽ സമയം തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.
ഞായർ, വ്യാഴം ദിവസങ്ങളിൽ റമദാനിലെ ഔദ്യോഗിക ജോലി സമയങ്ങളിലൊന്ന് രാവിലെ 9:45 നും 2:15 നും ഇടയിലായിരിക്കുമെന്ന് ബ്യൂറോ തലവൻ ഡോ. ഇസ്സാം അൽ റുബയാൻ സ്ഥിരീകരിച്ചു. രാവിലെ 10:15ന് തുടങ്ങി ഉച്ചയ്ക്ക് 2:45ന് അവസാനിക്കുന്ന രീതിയിലായിരിക്കും രണ്ടാമത്തെ ഷിഫ്റ്റ്. രാവിലെ 10:45 മുതൽ 3:15 വരെയായിരിക്കും മൂന്നാമത്തെ ഷിഫ്റ്റ്. ഓരോ സർക്കാർ ഏജൻസിക്കും ജോലിയുടെ സാഹചര്യങ്ങളും സ്വഭാവവും അനുസരിച്ച് മേൽപ്പറഞ്ഞ സമയക്രമങ്ങളിൽ ഓന്നോ അതിൽ കൂടുതലോ ജോലി സമയം തിരഞ്ഞെടുക്കാമെന്നും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട മന്ത്രി ഇക്കാര്യത്തിൽ അനുവാദം നൽകിയതായും അൽ റുബായൻ കൂട്ടിച്ചേർത്തു.