കുവൈത്തിൽ ലഹരി വസ്തുക്കളുമായി ഒൻപത് പേർ പിടിയിൽ
രാജ്യത്ത് ലഹരിക്കെതിരായ പോരാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ ആറ് വ്യത്യസ്ത കേസുകളിൽ ഒമ്പത് പേർ പിടിയിലായി. രാസവസ്തുക്കൾ, ഹാഷിഷ്, മരിജുവാന എന്നിവ അടക്കം ഏകദേശം ഒമ്പത് കിലോഗ്രാം മയക്കുമരുന്നുകൾ, 5,600 സൈക്കോട്രോപിക് ഗുളികകൾ, 314 കുപ്പി മദ്യം, വിൽപനയിൽ നിന്ന് ലഭിച്ച പണം എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പിടിച്ചെടുത്ത വസ്തുക്കൾ കടത്തിനും ദുരുപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ലഹരിക്കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. മയക്കു മരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഡീലർമാരെയും കള്ളക്കടത്തുകാരെയും കണ്ടെത്തുന്നതിനായി ശക്തമായ പരിശോധന നടന്നുവരികയാണ്.