രാജ്യങ്ങൾ തമ്മിലുള്ള മാധ്യമ സഹകരണം പ്രധാനം ; കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിലുള്ള മാധ്യമ സഹകരണം ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.നാസർ മുഹൈസൻ. വ്യാഴാഴ്ച ദോഹയിൽ ചേരുന്ന 27ാമത് ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഇൻഫർമേഷൻ മന്ത്രാലയങ്ങളിലെ അണ്ടർസെക്രട്ടറിമാരുടെ തയാറെടുപ്പ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോധവത്കരണം, ഗൾഫ് സ്വത്വം സംരക്ഷിക്കൽ എന്നിവക്കായി മാധ്യമ പദ്ധതി രൂപീകരിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റലൈസേഷൻ ഉൾപ്പെടെ പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജി.സി.സി രാജ്യങ്ങളിലെ മാധ്യമ മേഖലയുടെ വികസനത്തിനായി വിവരങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യേണ്ടതിന്റെ പ്രാധാന്യവും മുഹൈസൻ വ്യക്തമാക്കി.