എഐ അധിഷ്ഠിതമായുള്ള പഠന സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത് യൂണിവേഴ്സിറ്റി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി കുവൈത്ത് യൂനിവേഴ്സിറ്റി. ബുധനാഴ്ച ചേരുന്ന സര്‍വകലാശാല കൗൺസിൽ യോഗത്തില്‍ ഇത് സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു. യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഡോ.നവാഫ് അൽ മുതൈരിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഫാക്കൽറ്റി അംഗങ്ങളുടെ പ്രമോഷൻ, അക്കാദമിക് ഗ്രേഡിങ്, അന്താരാഷ്ട്ര ടെസ്റ്റ് സ്കോറുകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും കോഡിങ് പഠനത്തിനുമായുള്ള ആഗോള പാഠ്യപദ്ധതിയാണ് സര്‍വകലാശാല ആലോചിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ഹ്യൂമന്‍ എ.ഐ ഇടപെടൽ, മെഷീൻ ലേണിങ്, ന്യൂറൽ നെറ്റ് വർക്കിങ് തുടങ്ങിയ അതി നൂതന സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ കഴിയും.