ഓൺലൈൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി കുവൈത്ത് വിദ്യാഭ്യസ മന്ത്രാലയം
ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ഓൺലൈൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഫേഷ്യൽ റെക്കഗ്നീഷൻ, ജി.പി.എസ് ലൊക്കേഷൻ എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെ പഞ്ചിങ് നടത്താൻ സൗകര്യമൊരുക്കിയത്.
സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും പുറത്തുപോകാനും ജീവനക്കാരെ അനുവദിക്കുന്നതിലൂടെ പരമ്പരാഗത ഫിംഗർപ്രിന്റ് ഉപകരണങ്ങളുടെ ആവശ്യകത ഇല്ലാതായി. ജീവനക്കാർ ജോലി സ്ഥലത്തുതന്നെ ഉണ്ടെന്ന് ഉറപ്പാക്കാൻ ജി.പി.എസ് സഹായിക്കുന്നു. ചില ജീവനക്കാർ പഞ്ച് ചെയ്ത് ജോലി സ്ഥലത്തുനിന്ന് പോകുന്നുവെന്ന പരാതിക്കും ഇനി അടിസ്ഥാനമുണ്ടാകില്ല.
മന്ത്രാലയത്തിന്റെ ജനറൽ ഓഫിസ്, വിദ്യാഭ്യാസ ജില്ലകൾ, കേന്ദ്ര ഭരണസംവിധാനങ്ങൾ എന്നിവിടങ്ങളിലാണ് ഡിജിറ്റൽ ഹാജർ സംവിധാനം ആദ്യഘട്ടത്തിൽ നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ സ്കൂൾ അഡ്മിനിസ്ട്രേഷനിലേക്കും മുഴുവൻ ജീവനക്കാർക്കുമായി ഡിജിറ്റൽ സംവിധാനം വ്യാപിപ്പിക്കും. പഞ്ചിങ് മെഷീന് മുന്നിലെ തിരക്കും സമയനഷ്ടവും ഒഴിവാക്കാൻ പുതിയ സംവിധാനം ഉപകരിക്കും.
പരമ്പരാഗത വിരലടയാള ഉപകരണങ്ങളും പേപ്പർ അടിസ്ഥാനമാക്കിയുള്ള ഹാജർ റെക്കോഡുകളും ഒഴിവാകുന്നത് മന്ത്രാലയത്തിന്റെ ചെലവ് കുറക്കും. സുതാര്യതയും കാര്യക്ഷമതയും വർധിക്കുമെന്ന മെച്ചവുമുണ്ട്.