കുവൈത്തിന്റെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു; തണുപ്പ് ഇനിയും കൂടാൻ സാധ്യത
ഞായറാഴ്ച രാജ്യത്തുടനീളം മഴയെത്തി. രാവിലെ മുതൽ ആരംഭിച്ച മഴ രാജ്യത്ത് എല്ലാ ഭാഗങ്ങളിലും മിതമായ രീതിയിൽ പെയ്തു. ഞായറാഴ്ച പകൽ മുഴുവൻ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇടക്കിടെ പെയ്ത മഴ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി.
വൈകുന്നേരം മഴയും മൂടൽമഞ്ഞും കാരണം ദൃശ്യപരത കുറവ് റോഡുകളിൽ ട്രാഫിക് ബ്ലോക്കിന് കാരണമായി. ട്രാഫിക് പട്രോളിങ്ങിനെ വിന്യസിച്ചും സെൻട്രൽ ഓപറേഷൻസ് റൂമിലൂടെ സ്ഥിതിഗതികൾ നിരീക്ഷിച്ചും ആഭ്യന്തര മന്ത്രാലയം പ്രശ്നങ്ങൾ പരിഹരിച്ചു. പ്രതികൂല കാലാവസ്ഥ ബാധിച്ച പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ഉടനടി ഇടപെട്ടു.
തിങ്കളാഴ്ച രാവിലെ വരെ മഴ തുടർന്നു. ചില പ്രദേശങ്ങളിൽ ഇടിമിന്നലും അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തമായ മഴ വീണ്ടും പ്രതീക്ഷിക്കുന്നതായി കാലാവസഥ വിഭാഗം അറിയിച്ചു. ആലിപ്പഴവീഴ്ചക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ മഴ തുടരും. മഴവെള്ളവും മലിനജലവും ഒഴുകുന്നതിനും, റോഡുകൾ നിരീക്ഷിക്കാനും എമർജൻസി ടീമുകൾ കൃത്യതയോടെ പ്രവർത്തിച്ചതായി പൊതുമരാമത്ത് മന്ത്രാലയ വക്താവ് എൻജിനീയർ അഹ്മദ് അൽ സലേഹ് പറഞ്ഞു.
ഹൈവേകളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോട്ട്ലൈൻ നമ്പർ (150) വഴി രജിസ്റ്റർ ചെയ്ത എല്ലാ പരാതികളും പബ്ലിക് അതോറിറ്റി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ കൈകാര്യംചെയ്തു. കാലാവസ്ഥാ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾക്കും എമർജൻസി റെസ്പോൺസ് ടീമുകൾക്കും ഒപ്പം മന്ത്രാലയം ജാഗ്രത പുലർത്തുന്നുണ്ടെന്നും അറിയിച്ചു.