അന്താരാഷ്ട്ര കേബിളുകൾ മുറിഞ്ഞു ; കുവൈത്തിലെ ഇൻ്റർനെറ്റ് പ്രവർത്തനത്തെ ബാധിച്ചു
അന്താരാഷ്ട്ര കേബിളുകൾ മുറിഞ്ഞത് രാജ്യത്തെ ഇന്റർനെറ്റ് പ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്ച മുതൽ വേഗതകുറഞ്ഞ നിലയിലാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നത്. അന്താരാഷ്ട്ര ഇന്റർനെറ്റ് ഔട്ട്ലെറ്റുകളുമായി ബന്ധിപ്പിക്കുന്ന ആഗോള കേബിളുകളിലെ തടസ്സം കുവൈത്തിലെ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. സേവനം എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനും മുറിഞ്ഞ കേബിൾ നന്നാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നതായും സിട്രാ വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ശ്രമിക്കും. ലഭ്യമായ നെറ്റ്വർക്കിൽ നിന്ന് പ്രയോജനം നേടുന്നതിന് ബദൽ കേബിളുകളെ ആശ്രയിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നത് ഉറപ്പാക്കാൻ കമ്പനിയുമായി ഇടപെടലുകൾ നടത്തിവരികയാണെന്നും സിട്രാ അറിയിച്ചു.