കുവൈത്തിൽ കനത്ത തണുപ്പ് വ്യാഴാഴ്ച വരെ തുടരും ; വെള്ളിയാഴ്ച മഴയ്ക്ക് സാധ്യത
രാജ്യത്ത് കനത്ത തണുപ്പ് വ്യാഴാഴ്ച വരെ തുടരും. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പകലും രാത്രിയും തുടരുന്ന തണുപ്പും രാത്രിയിൽ വർധിക്കും. രണ്ടു ദിവസങ്ങളായി രാജ്യത്ത് കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം സാൽമിയയിൽ മൂന്നു ഡിഗ്രി സെൽഷ്യസ്, അബ്ദലിയിൽ രണ്ടു ഡിഗ്രി സെൽഷ്യസ്, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ രേഖപ്പെടുത്തി.
മറ്റു കാലാവസ്ഥ സ്റ്റേഷനുകളിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേ താപനിലകൾക്കൊപ്പം തണുത്ത അന്തരീക്ഷവും മഞ്ഞ് വീഴാനുള്ള സാധ്യതയും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധേരാർ അൽ അലി പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് മുതൽ രാജ്യത്ത് അനുഭവപ്പെടുന്ന ഉയർന്ന മർദം സംവിധാനം ദുർബലമാക്കുകയും താഴ്ന്ന മർദ സംവിധാനത്തെ അകത്തേക്ക് നീങ്ങാൻ അനുവദിക്കുകയും ചെയ്യും. കാറ്റിന്റെ ദിശ തെക്ക് കിഴക്കോട്ട് മാറുകയും ചെയ്യും. ഇത് പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥ കൊണ്ടുവരും. ചില പ്രദേശങ്ങളിൽ നേരിയതും ചിതറിയതുമായ മഴക്ക് സാധ്യതയുണ്ടെന്നും ധേരാർ അൽ അലി പറഞ്ഞു.
ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്ത് പലയിടങ്ങളിലും കനത്ത മഞ്ഞും പൊടിക്കാറ്റും രൂപപ്പെട്ടിരുന്നു. തിങ്കളാഴ്ച പൊടിക്കാറ്റ് ഒഴിവായെങ്കിലും തണുപ്പ് തുടർന്നു. മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റോഡ് യാത്രികരും കടൽ യാത്രികരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമർജൻസി ടെലിഫോൺ ഓപറേഷൻസ് റൂം (112) സജ്ജമാണെന്നും വ്യക്തമാക്കി.