കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടും ; പൊടിക്കാറ്റിനും സാധ്യത
രാജ്യത്ത് വരും ദിനങ്ങളിൽ അനുഭവപ്പെടുക കനത്ത ചൂട്. ചില പ്രദേശങ്ങളിൽ പകൽ സമയത്ത് ചൂട് 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകി. 49 മുതൽ 53 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്ന താപനില. ഇതോടെ വരും ദിനങ്ങൾ ചുട്ടുപൊള്ളും.
രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ഇതിനൊപ്പം കടുത്ത ചൂടും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് ദൃശ്യപരത കുറക്കാൻ ഇടയാക്കാം. വെള്ളിയാഴ്ച കനത്ത ചൂട് അനുഭവപ്പെടും. താപനില 49 മുതൽ 53 നിലയിലേക്ക് ഉയരും. എന്നാൽ, രാത്രിയിൽ 32 മുതൽ 34 ഡിഗ്രിയിലേക്ക് താഴും. ദിവസങ്ങളായി രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ആഗസ്റ്റ് അവസാനം വരെ ഈ നില തുടരും. സെപ്റ്റംബർ പകുതിയോടെ ചൂട് കുറഞ്ഞുതുടങ്ങും. ഡിസംബറോടെ കനത്ത ശൈത്യകാലത്തിലേക്ക് അന്തരീക്ഷം മാറും.