സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ
സമൂഹമാധ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. വാട്ട്സ്ആപ്, ഇ-മെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ വർധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങൾ എന്നിവയെക്കുറിച്ച് വാണിജ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഉണർത്തി.
അജ്ഞാതരായ കക്ഷികൾക്ക് വാചക സന്ദേശങ്ങളിലൂടെയോ വാട്സ്ആപ് വഴിയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ പങ്കിടരുതെന്ന് മന്ത്രാലയം അഭ്യർഥിച്ചു. അജ്ഞാത നമ്പറുകളിൽ നിന്നോ അപരിചിതമായ ഉറവിടങ്ങളിൽ നിന്നോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ഇടപാടുകൾക്ക് മുമ്പ് സ്ഥാപനങ്ങളുടെ നിയമസാധുത പരിശോധിക്കണം. ഇടപാടുകൾ നടത്തും മുമ്പ് ബിസിനസുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം രജിസ്ട്രേഷനും അംഗീകാരവുമുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്താക്കളെ ഓർമിപ്പിച്ചു.
ആളുകളെ വശീകരിക്കാൻ തട്ടിപ്പുകാർ പലപ്പോഴും വൻ ഓഫറുകളും ഡീലുകളും പ്രഖ്യാപിക്കും. ശരിയല്ലെന്ന് തോന്നുന്ന അമിത ആകർഷകമായ ഓഫറുകളാൽ വശീകരിക്കപ്പെടരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ബോധവത്കരണവും ജാഗ്രതയും വർധിപ്പിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും എല്ലാവരോടും അഭ്യർഥിച്ചു.