ഹാജിമാർക്കുള്ള സൗകര്യങ്ങൾ ; കരാറിൽ ഒപ്പുവെച്ച് കുവൈത്തും സൗദി അറേബ്യയും
കുവൈത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തും സൗദിയും കരാറിൽ ഒപ്പുവെച്ചു. കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വസ്മിയും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഗതാഗത, ഭക്ഷണം, താമസ സൗകര്യം എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുന്നു.
അനധികൃത തീർഥാടകർ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ സാധ്യമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ബോധവത്കരണവും നടത്തും. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന ഹജ്ജ് സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും നാലാമത് പതിപ്പിൽ കുവൈത്ത് ഔഖാഫ് മന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന പരിപാടി ജനുവരി 16 വരെ നീളും.