ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സൈബർ സുരക്ഷാ സഹകരണം വർധിപ്പിക്കണം; കുവൈറ്റ് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി
ജിസിസി രാജ്യങ്ങള്‍ തമ്മില്‍ സൈബർ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് കുവൈത്ത് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി മേജർ ജനറൽ റിട്ട മുഹമ്മദ് ബൗർക്കി . സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള നാലാമത് ഗൾഫ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണെന്ന് മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ ആക്രമണങ്ങൾ പലപ്പോഴും പല രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ ഒരു രാജ്യത്തിന് മാത്രമായി അത് തടയാനാനാവില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിക്കേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഒമർ അൽ-ഒമർ, അറബ് മേഖലയിലെ ഐ.ടി കമ്പനി മേധാവികള്‍ , സൈബർ സുരക്ഷാ ഉദ്യോഗസ്ഥര്‍ , വിവിധ സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള വിദഗ്ധരും കോൺഫറൻസിൽ പങ്കെടുത്തു.