കുവൈറ്റിൽ കൊവിഡിനെതിരായ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം തുടങ്ങി
കൊവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ കൊവിഡ് ബൂസ്റ്റർ വാക്സിൻ വിതരണം തുടങ്ങി. 15 ആരോഗ്യ കേന്ദ്രങ്ങളിൽ ബൈവാലന്റ് കൊവിഡ്-19 വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ രോഗ ഭീതി ഇല്ലെങ്കിലും രോഗ പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷത്തോടെയാണ് ബൂസ്റ്റർ ഡോസ് വിതരണം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡിന്റെ തിരിച്ചുവരവ് ചെറുക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായുമാണ് രാജ്യത്ത് ബൂസ്റ്റർ വാക്സിൻ വിതരണം ആരംഭിച്ചത്. ബുധനാഴ്ച മുതൽ രാജ്യത്തെ 15 മെഡിക്കൽ സെന്ററുകളിൽ ബൈവാലന്റ് കോവിഡ്-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡിന്റെ ഒറിജിനൽ വൈറസിൽ നിന്നും ഒമൈക്രോൺ വേരിയന്റുകളിൽ നിന്നും ബൈവാലന്റ് കോവിഡ്-19 വാക്സിൻ സംരക്ഷണം നൽകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ അവസാന വാക്സിൻ ഡോസ് എടുത്ത് കുറഞ്ഞത് രണ്ട് മാസമെങ്കിലും ആയ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പുതിയ ബൂസ്റ്റർ വാക്സിനേഷൻ എടുക്കാം.