കുവൈത്തിലെ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ ലക്ഷ്യമിട്ട് സമഗ്ര പരിശോധനയുമായി അധികൃതർ
രാജ്യത്ത് കെട്ടിടങ്ങളിലെ ബേസ്മെന്റുകൾ ലക്ഷ്യമിട്ട് സമഗ്രമായ പരിശോധന കാമ്പയിൻ ആരംഭിച്ചു. മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ കുവൈത്ത് മുനിസിപാലിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന.
എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ് ഡിപ്പാർട്മെന്റിന്റെ സൂപ്പർവൈസറി ടീം ഇതിനകം പല കെട്ടിടങ്ങളിലും പരിശോധന നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ ബേസ്മെന്റുകൾ ഒഴിപ്പിക്കുന്ന നടപടി അധികൃതർ തുടരുകയാണ്. രാജ്യത്തെ പല ഭാഗങ്ങളിലും ബേസ്മെന്റുകൾ നിയമവിരുദ്ധമായി വെയർഹൗസുകളാക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി നേരത്തെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം പൊതു സുരക്ഷ ഉറപ്പാക്കലും പരിശോധനയുടെ ലക്ഷ്യമാണ്. മംഗഫ് തീപിടിത്ത ദുരന്തത്തിന് പിറകെ നടത്തിയ പരിശോധനയിൽ രാജ്യത്തെ മിക്ക കെട്ടിടങ്ങളിലും നിയമവിരുദ്ധമായ നിർമിതികൾ കണ്ടെത്തിയിരുന്നു. ബേസ്മെന്റുകൾ ഹാളുകൾ, താമസ സ്ഥലങ്ങൾ, ഗോഡൗണുകൾ എന്നിവയാക്കി ഉപയോഗിക്കുന്നതും കണ്ടെത്തി. തുടർന്ന് ഇവ അടിയന്തരമായി പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിയമവിരുദ്ധ വെയർഹൗസുകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.