വിമാനത്താവളം വഴി കുവൈത്തിലേക്ക് ലിറിക്ക ഗുളികകൾ കടത്താൻ ശ്രമം ; പിടികൂടി അധികൃതർ
വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ആറ് ദശലക്ഷം ലിറിക്ക (പ്രെഗബാലിൻ) ഗുളികകൾ പിടികൂടി. സംഭവത്തിൽ ആറു പേരെ പിടികൂടി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവസ്റ്റിഗേഷന്റെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് (ഡി.സി.ജി.ഡി) പ്രതികൾ പിടിയിലായത്.
അറസ്റ്റിലായവരിൽ അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. രണ്ട് പേർ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുന്നവരാണ്. കണ്ടുകെട്ടിയ വസ്തുവിന്റെ മൂല്യം ഏകദേശം രണ്ട് മില്യൺ ദീനാർ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാനുള്ള ശ്രമങ്ങൾ തുടരുമെന്നും കർശന പരിശോധനകൾ നടന്നുവരുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ അധികാരികളുമായി സഹകരിക്കാൻ അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. സംശയാസ്പദമായ പെരുമാറ്റവും കുറ്റകൃത്യങ്ങളും കണ്ടാൽ 112 എന്ന എമർജൻസി നമ്പറിലോ 1884141 ഹോട് ലൈനിലോ ബന്ധപ്പെടണം.