കുവൈത്തിലെ മുബാറഖിയ മേഖലയിൽ രണ്ട് മാസങ്ങൾക്കിടെ നശിപ്പിച്ചത് 550 കിലോ കേടായ മാംസം
കുവൈത്തിൽ രണ്ടു മാസങ്ങൾക്കിടെ മുബാറഖിയ മേഖലയിൽ നശിപ്പിച്ചത് 550 കിലോ കേടായ മാംസം. ഉപയോഗത്തിന് അനുയോജ്യമല്ലാത്തതിനാലാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ മുബാറഖിയ സെന്റർ ഫോർ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ മേധാവി മുഹമ്മദ് അൽ കന്ദരി വ്യക്തമാക്കി. ഗുരുതരമായ ലംഘനങ്ങൾ കാരണം 13 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ സംഘങ്ങൾ അടച്ചുപൂട്ടിയതായും അൽ കന്ദരി അറിയിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. കേടായ മാംസത്തിന് പുറമെ, സ്ഥാപനങ്ങൾക്കുള്ളിൽ കണ്ടെത്തിയ പ്രാണികൾ, എലികൾ എന്നിവയും നടപടിക്ക് കാരണമായി. പെരുന്നാൾ അവധിക്ക് ശേഷം മാത്രം രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 50 കിലോഗ്രാം കേടായ മാംസം നീക്കം ചെയ്യുകയും ചെയ്തതായും അൽ കന്ദരി പറഞ്ഞു. ഭക്ഷണശാലകൾ, റസ്റ്റാറന്റുകൾ, ബേക്കറികൾ, സെൻട്രൽ മാർക്കറ്റുകൾ, ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റു സഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള പരിശോധന കാമ്പയിനുകളുടെ പ്രധാന്യവും അദ്ദേഹം സൂചിപ്പിച്ചു.