കുവൈത്ത് ചാരിറ്റി വക 2,500 ടൺ സഹായം
കുവൈത്ത് ആസ്ഥാനമായുള്ള കുവൈത്ത് റിലീഫ് സൊസൈറ്റി സുഡാനിലേക്ക് ഏകദേശം 2,500 ടൺ മാനുഷിക സഹായം എത്തിച്ചതായി ഖാർത്തൂമിലെ കുവൈത്ത് അംബാസഡർ ഡോ. ഫഹദ് അൽ തെഫീരി അറിയിച്ചു. ചാരിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രരായ അറബ്-ആഫ്രിക്കൻ രാഷ്ട്രത്തിലേക്ക് അയക്കുന്ന നിരന്തര സഹായത്തിന്റെ ഭാഗമായാണ് കപ്പൽ വഴി ചരക്ക് അയച്ചത്. സുഡാനിലേക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നതിന് കുവൈത്ത് സ്ഥാപിച്ച എയർ ബ്രിഡ്ജ് കൂടാതെയാണ് കപ്പൽ ലോഡുകളെന്നും ഡോ. ഫഹദ് അൽ തെഫീരി പറഞ്ഞു. യുദ്ധത്തിലും വെള്ളപ്പൊക്കത്തിലും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ ദുരിതം കുറക്കാൻ ഇവ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.