കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധന
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 43.65 ലക്ഷം യാത്രക്കാർ കുവൈത്ത് വഴി യാത്ര ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. വേനൽക്കാലത്താണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയത്. ഈ സീസണിൽ 43.65 ലക്ഷം യാത്രക്കാരാണ് കുവൈത്ത് വഴി യാത്രയായതെന്ന് ഡിജിസിഎ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.
നേരത്തെ വിമാനങ്ങളുടെ കാലതാമസവും ലോജിസ്റ്റിക് ജോലികൾ നടപ്പിലാക്കുന്ന കമ്പനികളുമായുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അവ പരിഹരിക്കുവാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 12,468 വിമാനങ്ങളിലായി 6,40,000 രാജ്യത്തേക്ക് പ്രവേശിച്ചപ്പോൾ 8,06,000 പേരാണ് രാജ്യത്ത് നിന്നും പുറപ്പെട്ടത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണ് ഈ വേനൽക്കാലത്ത് ഉണ്ടായത്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള യാത്രക്കാരുടെ എണ്ണം ഏകദേശം ആറ് മില്യൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നേരത്തെ കോവിഡിന് മുമ്പുള്ള യാത്രക്കാരുടെ എണ്ണത്തിന് തുല്യമാണ്.