കുവൈറ്റിൽ ഇനി ഇന്റർനെറ്റ് വഴി നിയമപരമായി കല്യാണം കഴിക്കാം
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളിലൂടെ വിവാഹം നടത്തുന്നതിന്‍റെ നിയമസാധുത അംഗീകരിച്ച് ഔഖാഫ് ആന്‍ഡ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഫത്വ അതോറിറ്റി. ഇതിന്‍റെ നിയമസാധുത പരിശോധിക്കുന്നതിനായി നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടത് അനുസരിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആധുനിക ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വഴിയുള്ള വിവാഹത്തിന് ഫത്വ അതോറിറ്റി അംഗീകാരം നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വിവാഹത്തിന്‍റെ നിയമസാധുതയെ കുറിച്ച് ശരിഅ ഡോക്യുമെന്‍റേഷന്‍ വിഭാഗം പഠനം നടത്തിയിരുന്നു. ഒരു അംഗീകൃത ഇലക്ട്രോണിക് മാധ്യമത്തിലൂടെ വിവാഹത്തിന്‍റെ രേഖകള്‍ ഉള്‍പ്പെടെ നല്‍കാനും ഏത് പ്ലാറ്റ്ഫോമിലൂടെയാണോ വിവാഹം നടത്തുന്നത് അതിലൂടെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന അധികാരിക്ക് വരനെയും വധുവിനെയും ബന്ധുക്കളെയും സാക്ഷികളെയും ഒരേസമയം കാണാനും സംസാരിക്കാനും സാധിക്കണം. ഇത്തരത്തില്‍ വ്യത്യസ്ത സ്ഥലങ്ങളിലാണെങ്കിലും ഒരേ സമയം വധൂവരന്‍മാരുടെ ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വധുവിന്‍റെ രക്ഷിതാവ് വിവാഹം നടത്തി കൊടുക്കുകയും വരന്‍ അത് സ്വീകരിക്കുകയും രണ്ട് സാക്ഷികള്‍ ഇത് കേള്‍ക്കുകയും ചെയ്യുന്നതിലൂടെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.