'നിന്നെ ഞാൻ താങ്ങാം, എന്നെ നീ താങ്ങ്...' ലജ്ജാകരമായ സെൽഫ് പ്രമോഷനാണ് എഴുത്തുകാർക്കിടയിൽ ഇപ്പോൾ നടക്കുന്നത്; വൈശാഖൻ
മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് വൈശാഖൻ. വ്യത്യസ്തമായ ലോകം വൈശാഖൻ മലയാളകഥയിലേക്കു കൊണ്ടുവന്നു. അതുവരെ റെയിൽവേയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലം അറിയാത്ത മലയാളി വൈശാഖൻ കഥകളിലൂടെ അതറിയുകയായിരുന്നു.
ഓണക്കാലത്ത് വൈശാഖൻ ദീപിക വാർഷികപ്പതിപ്പിനു നൽകിയ അഭിമുഖത്തിലെ തുറന്നുപറച്ചിലുകളും വിമർശനങ്ങളും ചർച്ചയായിരിക്കുകയാണ്. താങ്കളുടെ കഥകളെ നിരൂപകർ അവഗണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു നൽകിയ മറുപടിയാണ് ചിലർക്കെതിരേ തൊടുത്ത അസ്ത്രമായി മാറിയത്. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പി. ടി. ബിനു ആണ് വൈശാഖൻ മാഷുമായി അഭിമുഖം നടത്തിയത്.
നിരൂപകർ തൻറെ കഥകളെ അവഗണിച്ചിട്ടുണ്ടാകാം പക്ഷേ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വൈശാഖൻ. സാധാരണക്കാരനായ മനുഷ്യനാണു ഞാൻ. സ്തുതിപാഠകരെയോ, നിരൂപസംഘത്തെയോ സൃഷ്ടിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എൻറെ കഥകൾക്ക് ഗൗരവമുള്ള പഠനങ്ങൾ ഉണ്ടായിട്ടില്ല. അതിനുള്ള കാരണം അറിയില്ല. മനഃശാസ്ത്രപരമായ പഠനങ്ങൾ നടത്തുന്നവർ നമുക്കുണ്ട്. പക്ഷേ, എൻറെ കഥകളെ അവർ തഴഞ്ഞു എന്നുവേണമെങ്കിൽ പറയാം. പക്ഷേ, ഞാനതു കണക്കിലെടുത്തില്ല. എൻറെ എഴുത്തിനെ അതു ബാധിച്ചിട്ടില്ല.
'നിന്നെ ഞാൻ താങ്ങാം എന്നെ നീ താങ്ങ് ' എന്ന രീതിയിലുള്ള പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. എഴുത്തുകാരൻ ഉയരേണ്ടതായ സാംസ്‌കാരികമായ ഉയരമുണ്ട്, ആ ഉയരത്തിലേക്കു പലരും എത്തുന്നില്ല. പലരും സെൽഫ് പ്രമോഷൻറെ ആളുകളായി മാറിയിരിക്കുന്നു. ലജ്ജാകരമാകുംവിധം സെൽഫ് പ്രമോഷൻ ആണു നടത്തുന്നത്. സോഷ്യൽ മീഡിയകളൽ ഇത്തരത്തിലുള്ള ഉത്സവങ്ങളാണു നടക്കുന്നത്- വൈശാഖൻ പറഞ്ഞു.